ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം
കോഴിക്കോട്: ഡി.വൈ.എഫ്.ഐയുടെ 14 -ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കം. ഇന്നലെ രാവിലെ ടാഗോര്‍ ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി. സായ്‌നാഥ് ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റുകള്‍ കാര്‍ഷിക മേഖലയെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരേ കര്‍ഷകരെ നമ്മള്‍ തെരുവിലിറക്കുന്നു. എന്നാല്‍ അവര്‍ക്ക് മറ്റൊരു വഴി നാം കാണിക്കുന്നില്ല.
ഇന്ത്യയിലെ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണുള്ളത്. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. എന്നാല്‍ ആ കണക്കുകള്‍ മൂടിവയ്ക്കപ്പെടുകയാണ്. 14 വര്‍ഷത്തോളമാണ് സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ പാര്‍ലമെന്റ് അവഗണിച്ചത്. അതേസമയം, ഒരു രാത്രികൊണ്ട് തന്നെ ജി.എസ്.ടി ബില്‍ പ്രാബല്യത്തിലാക്കി. ഒരു പ്രധാനമന്ത്രി ആദ്യമായാണ് ഒരു ബ്രാന്‍ഡിന്റെ പരസ്യത്തില്‍ അഭിനയിക്കുന്നത്. എല്ലാ പത്രങ്ങളിലേയും മുന്‍പേജിലുള്ള ജിയോയുടെ പരസ്യത്തില്‍ മോദിയുടെ ചിത്രമായിരുന്നു. രാജ്യത്ത് തീവ്രമായ ഭീകരതയാണ് നടക്കുന്നത്. രാജ്യത്തെ വിദ്യാര്‍ഥികള്‍ അതിനെതിരേ പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്, ജോയിന്റ് സെക്രട്ടറി പ്രീതി ശേഖര്‍, എളമരം കരീം എം.പി, മന്ത്രി ടി.പി രാമകൃഷ്ണന്‍, എം.വി ജയരാജന്‍, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, പി. സതീദേവി, സച്ചിന്‍ദേവ്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പങ്കെടുത്തു.
തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി എം. സ്വരാജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പിന്നീട് ഗ്രൂപ്പ് ചര്‍ച്ച ആരംഭിച്ചു. ആറര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഗ്രൂപ്പ് ചര്‍ച്ച ഇന്നും തുടരും. തുടര്‍ന്ന് സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പൊതു ചര്‍ച്ച നടക്കും. നാളെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക. ഭാരവാഹികളുടെ പ്രായം 37 ല്‍ താഴെയായി നിജപ്പെടുത്തുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും പ്രായത്തില്‍ ഇളവിന് കാര്യമായ പരിഗണന കിട്ടാനിടയില്ല. അതേസമയം, നേതൃത്വത്തില്‍ വന്‍ അഴിച്ചു പണിയും കോഴിക്കോട് സമ്മേളനത്തിലുണ്ടാകും. നാളെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തോടെയാണ് സംസ്ഥാന സമ്മേളനം സമാപിക്കുക. 619 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ ജില്ലാ സമ്മേളനങ്ങളില്‍ തെരഞ്ഞെടുത്ത 508 പേരും സൗഹാര്‍ദ പ്രതിനിധികളായ 22 പേരും 85 സംസ്ഥാന കമ്മിറ്റി അംഗങ്ങളും 4 നിരീക്ഷകരും ഉള്‍പ്പെടും. സൗഹാര്‍ദ പ്രതിനിധികളില്‍ നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."