ഭരണമാറ്റം ഉറപ്പിച്ച് ഉദ്യോഗസ്ഥര്‍: മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന പി.ആര്‍.ഡി മുന്‍ ഡയരക്ടര്‍ ഡോ. കെ അമ്പാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നു.
നിലവിലെ സെക്രട്ടറി ഹരി പി. നായര്‍ പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നു പിരിഞ്ഞുപോകുന്നതിനെ തുടര്‍ന്നാണ് പുതിയ നിയമനം.
ഹരി പി.നായര്‍ കഴിഞ്ഞ മേയ് മാസത്തില്‍ സര്‍വിസില്‍നിന്നു വിരമിച്ചെങ്കിലും പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ തുടരുകയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം വിട്ടുപോകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഡോ. കെ.അമ്പാടി ആസ്ഥാനത്തേക്കു വരുന്നത്.
പ്രതിപക്ഷ നേതാവുമായുള്ള മികച്ച ബന്ധമാണ് അദ്ദേഹത്തെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കാന്‍ കാരണമായി പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും ഏറെ വിശ്വസ്തനായിരുന്നു ഇദ്ദേഹം. അതുകൊണ്ടാണ് ഐ.എ.എസുകാരുടെ തസ്തികയായിരുന്നിട്ടും മിനി ആന്റണിക്കു ശേഷം ഇദ്ദേഹത്തെ പി.ആര്‍.ഡി ഡയരക്ടര്‍ സ്ഥാനത്തേക്കു നിയമിക്കാന്‍ മുഖ്യമന്ത്രി തയാറായത്. മാത്രമല്ല ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസിലെ ജീവനക്കാരനായ അമ്പാടിയെ സംസ്ഥാന സര്‍വിസിലേക്ക് ഉള്‍ക്കൊള്ളിക്കാന്‍ ഈ സര്‍ക്കാര്‍ അടുത്തിടെയാണ് തീരുമാനിച്ചത്.
2002ലെ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസിലെ ഉദ്യോഗസ്ഥനായ അമ്പാടി മുന്നോക്ക വികസന കോര്‍പറേഷന്‍ എം.ഡി. എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുള്ളയാളാണ്.
ദൂരദര്‍ശന്‍ കേന്ദ്രം ഡയരക്ടര്‍, ന്യൂസ് ഡയരക്ടര്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മികവ് പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു മുതല്‍ക്കൂട്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും പ്രധാനപ്പെട്ട തസ്തികയായ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്കു കൊണ്ടുവരുന്നത്. ഈ മാസം 18ന് ഡോ. അമ്പാടി ചുമതലയേല്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."