'അന്താരാഷ്ട്ര വിമാനത്താവളത്തെ സ്വകാര്യവല്‍ക്കരിക്കുന്നത് ഉപേക്ഷിക്കണം'
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഉപേക്ഷിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ആര്‍ അനില്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം സ്വകാര്യ മുതലാളിമാര്‍ക്ക് കൈമാറുന്നതിന് എതിരായി സിപിഐ തിരുവനന്തപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വിമാനത്താവള പ്രധാന കവാടത്തിനു മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ഇത് കൈമാറാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം നിഗൂഡമായ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ മുതലാളിമാര്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള നയത്തിന്റെ ഭാഗമായിട്ടാണ് ഈ സ്വകാര്യവല്‍കരണം. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ വിമാനത്താവളത്തിന്റെ വികസനനടപടികള്‍ക്കിടയിലുണ്ടായ കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം തീരുമാനം കേരളത്തിലെ ജനങ്ങളെ നിരാശപ്പെടുത്തിയിരിക്കുന്നു. സിവില്‍ വ്യോമയാനമേഖലയെ പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കാനുള്ള ഘട്ടംഘട്ടമായിട്ടുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
രാജ്യതാല്‍പര്യത്തിന് ദോഷകരമായ ഇത്തരം നിലപാടില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വത്തെക്കൂടി പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം സ്വകാര്യമൂലധനശക്തികള്‍ക്ക് അടിയറവയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ചെറുത്തു തോല്‍പ്പിക്കപ്പെടണം. ഈ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കല്‍ കുമാര്‍, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി കെ രാജു, മഹിളാസംഘം ജില്ലാ പ്രസിഡന്റ് ഭാര്‍ഗവി തങ്കപ്പന്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ കുര്യാത്തിമോഹന്‍, ഡോ. സി ഉദയകല, തമ്പാനൂര്‍ മധു, എയര്‍ പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ ആള്‍സെയിന്റ് അനില്‍, എം ശിവകുമാര്‍, ഹഡ്‌സണ്‍ ഫര്‍ണാണ്ടസ്, നാരായണന്‍, ലോക്കല്‍ സെക്രട്ടറി രാജന്‍ ബഞ്ചമിന്‍, എ അജന്‍, എയര്‍പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എ സാജന്‍, സുചിത്ര എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."