ജൈവജീവിത സന്ദേശവുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ യോഗാദിനാചരണം
പൂഞ്ഞാര്‍: പൂഞ്ഞാര്‍ തെക്കേക്കര ഗവണ്‍മെന്റ് ആയുര്‍വേദ ഹാമിയോ ഡിസ്‌പെന്‍സറികളുടെ സഹകരണത്തോടെ വൈവിധ്യമാര്‍ന്ന പരിപാടികളുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്‌കൂളില്‍ അന്താരാഷ്ട്ര യോഗാദിനാചരണം നടന്നു.
സ്‌കൂള്‍ നടപ്പിലാക്കുന്ന ഗ്രീന്‍ ടീം അറ്റ് സ്‌കൂള്‍ പ്രോജക്ടിന്റെ ഭാഗമായി ജൈവജീവിത സന്ദേശം പകരുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ യോഗാ പരിശീലകനും ഈരാറ്റുപേട്ട ബ്ലോക്ക് മെമ്പറുമായ കെ.ആര്‍. മോഹനന്‍ നായര്‍ യോഗാദിനാചരണം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നിര്‍മ്മല മോഹനന്‍ അധ്യക്ഷനായി.
ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ.ജി. പദ്മനാഭനും ഹോമിയോ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. സാജന്‍ ചെറിയാനും ക്ലാസുകള്‍ നയിച്ചു. ഹെഡ്മാസ്റ്റര്‍ വില്‍സണ്‍ ഫിലിപ്പ്, ടോണി പുതിയാപറമ്പില്‍, ഡോണിയ എലിസബത്ത് ജിമ്മി എന്നിവര്‍ പ്രസംഗിച്ചു.
ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളിലെ കുട്ടികള്‍ക്കായി നടത്തിയ യോഗാ കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും യോഗാ പ്രദര്‍ശനവും പരിശീലനവും പരിപാടിയുടെ ഭാഗമായി നടന്നു. ജൈവ ഉല്‍പ്പന്നമായ നാടന്‍ പലഹാരവും യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."