പൊലിസ് 'കൂലിപ്പണിക്കാരനായി' കട്ടപ്പനയില്‍
സ്വന്തം ലേഖകന്‍
തൊടുപുഴ: കൂടത്തായി കൊലപാതക പരമ്പരക്കേസിന്റെ ചുരുളഴിക്കാന്‍ അന്വേഷണസംഘം പ്രച്ഛന്ന വേഷവും കെട്ടി. കേസുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി ഒരു ഉദ്യോഗസ്ഥന്‍ രണ്ട് മാസത്തോളം കട്ടപ്പനയിലുണ്ടായിരുന്നു. കൂലിപ്പണിക്കാരനായാണ് ഈ ഉദ്യോഗസ്ഥന്‍ കഴിഞ്ഞത്. പ്രധാനമായും ജോളിയുടെ സഹോദരന്‍ റേഷന്‍കട നടത്തുന്ന വാഴവര കേന്ദ്രീകരിച്ചായിരുന്നു നീക്കം. വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കൊപ്പം പണിക്കാരനായി നിന്ന് ജോളിയുടെയും വീട്ടുകാരുടെയും വിവരങ്ങള്‍ ശേഖരിച്ചു.
ജോളിയുടെ പഴയ തറവാട് സ്ഥിതി ചെയ്യുന്ന മത്തായിപ്പടിയിലും വീട്ടുകാര്‍ ഇപ്പോള്‍ താമസിക്കുന്ന കട്ടപ്പനയിലും അന്വേഷണങ്ങളുണ്ടായി. ലോക്കല്‍ പൊലിസ് പോലും അറിയാതെയായിരുന്നു നീക്കങ്ങള്‍. ഒപ്പം പണിയെടുത്തവര്‍ക്ക് അദ്ദേഹം പൊലിസ് ഉദ്യോഗസ്ഥനാണെന്നു സംശയം പോലുമുണ്ടായില്ല.
കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ജോളിയുടെ വീട്ടുകാരെ ചോദ്യം ചെയ്യാന്‍ എത്തിയപ്പോള്‍ പ്രച്ഛന്നവേഷധാരിയും ഉണ്ടായിരുന്നു. എന്നാല്‍ കേസില്‍ നിര്‍ണായകമായേക്കാവുന്ന വിവരങ്ങളൊന്നും കിട്ടിയിട്ടില്ലെന്നാണ് അറിയുന്നത്.
ജയശ്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ വഴിവിട്ടു സഹായിച്ചുവെന്ന ആരോപണത്തില്‍ തഹസില്‍ദാര്‍ ജയശ്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. കൂടത്തായി മുന്‍ സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ സുലൈമാന്‍, കൂടത്തായി മുന്‍ വില്ലേജ് ഓഫിസര്‍ കിഷോര്‍, എന്നിവരെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. മൊഴികളിലെ കൃത്യത ഉറപ്പു വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്ന് ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു.
കോഴിക്കോട് ജില്ലാ കലക്ടറും ഡെപ്യൂട്ടി കലക്ടറും ആണ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയത്. നേരത്തെയുള്ള കൂടത്തായി വില്ലേജ് ഓഫിസര്‍മാര്‍, ഇപ്പോഴത്തെ കൂടത്തായി വില്ലേജ് ഓഫിസര്‍, ഇപ്പോഴത്തെ തിരുവമ്പാടി വില്ലേജ് ഓഫിസര്‍ തുടങ്ങിയവരുടെ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."