നെയ്യാറ്റിന്‍കര കൊലക്കേസ് പ്രതി ഡി.വൈ.എസ്.പി ഹരികുമാര്‍ തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകത്തിനു ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു.ഇതിനിടെ ഇന്ന് കീഴടങ്ങാനായി ഹരികുമാര്‍ വീട്ടില്‍ എത്തുകയായിരുന്നു എന്നാണ് വിവരം. വാഹനം വരുന്നത് കണ്ട് ഡി.വൈ.എസ്.പി. സനലിനെ തള്ളിയിടുകയായിരുന്നെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ ഇരിക്കുകയായിരുന്നു.
അതേസമയം, ഹരികുമാറിനെ പിടികൂടണമെന്നാവശ്യപ്പെട്ട് സനല്‍കുമാറിന്റെ ഭാര്യ ഇന്ന് രാവിലെ ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിച്ചു.
ഈ മാസം ആറാം തിയ്യതി, രാത്രി പത്തോടെയായിരുന്നു സനലിന്റെ മരണത്തിന് കാരണമായ സംഭവമുണ്ടായത്. നെയ്യാറ്റിന്‍കരയിലെ കൊടങ്ങാവിള ജങ്ഷനിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു സനല്‍കുമാര്‍. സനലിന്റെ കാര്‍ ഡിവൈ.എസ്.പിയുടെ കാറിനു മുന്നിലായിരുന്നു പാര്‍ക്ക് ചെയ്തിരുന്നത്. ഇയാള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കവേ സമീപത്തെ വീട്ടില്‍നിന്ന് ഇറങ്ങി വന്ന ഡിവൈ.എസ്.പി കാര്‍ എടുത്തു മാറ്റാന്‍ ആവശ്യപ്പെട്ടു. കാര്‍ മാറ്റിയിട്ട ശേഷം പുറത്തിറങ്ങിയ സനലിനെ ഡിവൈ.എസ്.പി മര്‍ദിച്ചവശനാക്കിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ശേഷം സനലിന്റെ ഷര്‍ട്ടില്‍ പിടിച്ച് റോഡില്‍ തള്ളിയപ്പോള്‍ അതുവഴിയെത്തിയ കാറിനടിയില്‍പെടുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ സനല്‍കുമാര്‍ ഒരു മണിക്കൂറോളം രക്തം വാര്‍ന്ന് റോഡില്‍ കിടന്നു. സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര പൊലിസ് സനല്‍കുമാറിനെ ആശുപത്രിയിലെത്തിക്കുന്നതിനു പകരം പൊലിസ് സ്റ്റേഷനിലേക്കാണു കൊണ്ടുപോയത്. സ്‌റ്റേഷനിലെത്തി നില മോശമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. തിരുവനന്തപുരം മെഡി.കോളജിലേക്കുള്ള വഴി മധ്യേയാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."