കഞ്ചാവ് കടത്തിയ കേസില്‍ സ്ത്രീയടക്കം രണ്ട് പേര്‍ക്ക് കഠിന തടവ്
തൃശൂര്‍: ദമ്പതികളെന്ന വ്യാജേനെ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ച് കഞ്ചാവ് കടത്തിയ കേസില്‍ പ്രതികള്‍ക്ക് രണ്ട് വര്‍ഷം വീതം കഠിന തടവും 10,000 രൂപ പിഴയും.
തൃശൂര്‍ ചേറൂരില്‍ താമസിച്ചിരുന്ന ചൂണ്ടല്‍ സ്വദേശി മംഗലത്ത് വീട്ടില്‍ സുഭാഷ് (49), വെള്ളാറ്റഞ്ഞൂര്‍ തണ്ടിലം സ്വദേശി കീരിയാട്ടില്‍ ഷീജ (42) എന്നിവരെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സി. സൗന്ദരേഷ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടുതല്‍ തടവ് അനുഭവിക്കേണ്ടി വരും.
കൊടകര വഴിയമ്പലം സെന്ററില്‍ 2008 ഓഗസ്റ്റ് 21നാണ് കേസിനാസ്പദമായ സംഭവം. പെരുമ്പാവൂരില്‍ നിന്ന് കൊടകരയിലേക്ക് കച്ചവടത്തിനായി കഞ്ചാവ് ബൈക്കില്‍ കൊണ്ടു വരുന്നതിനിടയിലാണ് പ്രതികളെ പിടികൂടിയത്.
ആളൂര്‍ സെന്ററില്‍ വെച്ച് പ്രതികള്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ മറ്റൊരു മോട്ടോര്‍ സൈക്കിളില്‍ ഇടിച്ച് നിര്‍ത്താതെ പോയിരുന്നു.
ഇതേതുടര്‍ന്ന് വഴിയമ്പലത്ത് വാഹനപരിശോധന നടത്തിയിരുന്ന കൊടകര പൊലിസിന് വിവരം കൈമാറി. എന്നാല്‍, വഴിയില്‍ പൊലിസ് പരിശോധന കണ്ട് പ്രതി മോട്ടോര്‍ സൈക്കിള്‍ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലിസുകാര്‍ ബൈക്ക് ബലമായി പിടിച്ചു നിര്‍ത്തി.
വിവരങ്ങള്‍ ചോദിക്കുന്നതിനിടെ പ്രതികള്‍ പരുങ്ങുന്നതു കണ്ട് സംശയം തോന്നി കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് പ്ലാസ്റ്റിക്ക് കവറില്‍ 1290 ഗ്രാം ഉണങ്ങിയ കഞ്ചാവ് കൈവശമുള്ള വിവരം പൊലിസ് അറിയുന്നത്. ദമ്പതികളാണെന്നാണ് പ്രതികള്‍ ആദ്യം പറഞ്ഞത്.
എന്നാല്‍ വിസ്താരത്തിനിടയില്‍ പ്രതികള്‍ ദമ്പതികളല്ലെന്ന് കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും ഏഴ് സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ബി സുനില്‍കുമാര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."