കുട്ടികളെ 'വെള്ളം കുടിപ്പിച്ച് ' മൂച്ചിക്കല്‍ സ്‌കൂളില്‍ വാട്ടര്‍ മിനിറ്റ്
എടത്തനാട്ടുകര: മനുഷ്യശരീരത്തില്‍ 60 ശതമാനത്തിലധികം വരുന്ന വെള്ളത്തിന്റെ പ്രാധാന്യം വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തുക, യഥാസമയം വെള്ളം കുടിച്ചില്ലെങ്കില്‍ മനുഷ്യശരീരത്തില്‍ സംഭവിക്കുന്ന ദോഷങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെ എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍.പി സ്‌കൂളില്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും നിത്യവും രണ്ടുനേരം വെള്ളം കുടിപ്പിക്കുന്ന 'വാട്ടര്‍ മിനിറ്റ്' പദ്ധതിക്ക് തുടക്കമായി.
സ്‌കൂള്‍ മന്ത്രിസഭയിലെ ആരോഗ്യ വകുപ്പിന് കീഴിലാണ് വാറ്റര്‍ മിനിറ്റ് പദ്ധതി ആരംഭിച്ചത്. ഉച്ചക്ക് 11.45നും വൈകിട്ട് മൂന്നിനും പ്രത്യേക ബെല്‍ അടിച്ച് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുമിച്ച് വെള്ളം കുടിക്കാന്‍ സമയമൊരുക്കിയാണ് സ്‌കൂളില്‍ പദ്ധതി നടപ്പിലാക്കിയത്. മനുഷ്യ ശരീരത്തിന്റെ അഴകും ആരോഗ്യവും കാത്തുസൂക്ഷിക്കേണ്ടതിന് ധാരാളം വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അധ്യാപകനായ പി. അബ്ദുസലാം ക്ലാസെടുത്തു.
ജീവന്റെ അടിസ്ഥാനം ജലമാണ്. വെള്ളമിലാതെ രണ്ടോ മൂന്നോ ദിവസത്തിലധികം മനുഷ്യന് ജീവിക്കാന്‍ സാധ്യമല്ല. മനുഷ്യ ശരീരത്തിന്റെ 60 മുതല്‍ 70 ശതമാനം വരെ വെള്ളമാണ്. തലച്ചോറിന്റെ 73 ശതമാനവും ശ്വാസ കോശത്തിന്റെ 83 ശതമാനവും തൊലിയുടെ 64 ശതമനവും വൃക്കയുടെ 79 ശതമാനവും എല്ലിന്റെ 31 ശതമാനവും ജലമാണ് തുടങ്ങി വെള്ളത്തിന്റെ പ്രത്യേകതകളും വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യതകളും പ്രതിപാദിക്കുന്ന വീഡിയോകള്‍ വാട്ടര്‍ ബെല്‍ പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു.
സ്‌കൂള്‍ മന്ത്രിസഭക്കു കീഴില്‍ വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുന്ന പോസ്റ്ററുകളും പതിച്ചു. പ്രധാനാധ്യാപിക എ. സതീദേവി 'വാട്ടര്‍ മിനിറ്റ് ' പദ്ധതി ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് സി.കെ ഹസീനാ മുംതാസ് അധ്യക്ഷയായി. അധ്യാപകരായ എ. സീനത്ത്, കെ. രമാദേവി, പി. ജിഷ, ഇ. ഷബ്‌ന, പി. പ്രിയ, ഇ. പ്രിയങ്ക, ടി.പി മുഫീദ, കെ. ഷീബ, സ്‌കൂള്‍ ലീഡര്‍ പി. ജൗഹര്‍, ഡെപ്യുട്ടി ലീഡര്‍ സി. അനഘ, സ്‌കൂള്‍ മുഖ്യമന്ത്രി എം. ഷദ, സ്‌കൂള്‍ ഉപ മുഖ്യമന്ത്രി പി. അമന്‍ സലാം, അരോഗ്യ വകുപ്പ് മന്ത്രിമാരായ എം. ശ്വേത, പി. അര്‍ച്ചന, എം. ശിഖ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കുപ്പികളില്‍ വെള്ളം നിറക്കുന്നതിനായി ചൂടാറിയ തിളപ്പിച്ച വെള്ളവും പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ കുപ്പിയിലെ വെള്ളം കുടിച്ചുതീര്‍ത്തിട്ടുണ്ടെന്ന് അധ്യാപകരും ക്ലാസ് ലീഡര്‍മാരും ഉറപ്പുവരുത്തുംവിധമാണ് വാട്ടര്‍ബെല്‍ പദ്ധതി നടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."