കെ.എം ഷാജിയുടെ അയോഗ്യതയില്‍ സ്റ്റേ തുടരുമെന്ന് ഹൈക്കോടതി
കൊച്ചി: അഴീക്കോട് എം.എല്‍.എ കെ.എം ഷാജിക്ക് അയോഗ്യത ഏര്‍പ്പെടുത്തിയ വിധിയിലെ സ്റ്റേ തുടരും. കെ.എം.ഷാജിയുടെ നിയമസഭാ അവകാശങ്ങള്‍ സംബന്ധിച്ച കാര്യത്തില്‍ രണ്ടാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി വിധി പറയും. അതുവരെ സ്റ്റേ തുടരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
എതിര് സ്ഥാനാര്‍ത്ഥിയായിരുന്ന ഇടത് മുന്നണിയിലെ എം.വി നികേഷ് കുമാറിന്റെ ഹരജിയിലായിരുന്നു ഉത്തരവ്. പിന്നീട്, കെ.എം ഷാജി നല്കിയ ഹരജിയില്‍ രണ്ടാഴ്ചത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്തെങ്കിലും നിബന്ധനകള്‍ കോടതി പ്രഖ്യാപിച്ചിരുന്നില്ല.
തെരഞ്ഞെടുപ്പു റദ്ദാക്കിയ അതേ ബെഞ്ച് തന്നെയാണ് സുപ്രിം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനായി സമയം അനുവദിച്ചു നടപടി ക്രമങ്ങള്‍ സ്റ്റേ ചെയ്തത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ കെ.എം ഷാജി വര്‍ഗീയ പ്രചാരണം നടത്തി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നായിരുന്നു നികേഷ് കുമാര്‍ ഉന്നയിച്ച പ്രധാന ആരോപണം. അതിനാല്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും നികേഷ് കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. തെരഞ്ഞെടുപ്പു കമ്മിഷനും സ്പീക്കര്‍ക്കും ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. 2016ലാണ് നികേഷ് ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."