'പരീക്ഷയെപ്പറ്റി അറിയില്ലെങ്കില്‍ സെക്രട്ടറിയോടെങ്കിലും ചോദിച്ചുകൂടെ '
കൊച്ചി: മന്ത്രി ജലീലിനു മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ മകന് 2017 ല്‍ സിവില്‍ സര്‍വിസ് പരീക്ഷയില്‍ 210 -ാം റാങ്ക് കിട്ടിയതിലുള്ള വിഷമമാണ് മന്ത്രി ജലീലിനെന്ന് ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.
സിവില്‍ സര്‍വിസ് പരീക്ഷയുടെ നടപടി ക്രമങ്ങള്‍ സംബന്ധിച്ച് അറിവില്ലെങ്കില്‍ ചീഫ് സെക്രട്ടറിയോടോ മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസിനോടോ ചോദിച്ചാല്‍ മനസിലാകും. ഇതൊന്നുമറിയാതെ വെറുതേ ആളുകളെ അപമാനിക്കാനുള്ള നടപടിയുമായാണ് മന്ത്രി മുന്നോട്ടുപോകുന്നത്.
സിവില്‍ സര്‍വിസ് പരീക്ഷയെ സംബന്ധിച്ചുള്ള അടിസ്ഥാന വിവരമെങ്കിലും മന്ത്രിക്കുണ്ടാകേണ്ടതായിരുന്നു. ഇത്തരം അബദ്ധങ്ങളുമായി മുന്നോട്ടുവന്നാല്‍ പൊതുസമൂഹം ചിരിക്കുകയേയുള്ളു.
ഇതുകൊണ്ടൊന്നും ജലീല്‍ രക്ഷപ്പെടില്ല. മകന്‍ വീണ്ടും സിവില്‍ സര്‍വിസിനായുള്ള തയാറെടുപ്പിലാണ്. തന്നെപ്പറ്റി പറയുന്നതിനൊപ്പം വീട്ടിലിരിക്കുന്ന കുട്ടികളെപ്പറ്റി പറഞ്ഞത് കഷ്ടമായിപ്പോയി. എന്നാല്‍ അതില്‍ തനിക്ക് പരാതിയില്ല.
മാര്‍ക്ക് കുംഭകോണത്തെപ്പറ്റി വസ്തുതാപരമായി മറുപടി നല്‍കാന്‍ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല.
മോഡറേഷന്‍ നിര്‍ത്തലാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല. മോഡറേഷന്‍ കൊടുത്ത വളഞ്ഞ വഴിയെപ്പറ്റിയാണ് തര്‍ക്കം.
ഒരു കുട്ടിക്കു മാത്രം മോഡറേഷന്‍ കൊടുക്കുന്ന രീതി ആദ്യത്തെ സംഭവമാണ്.
തന്റെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ട മാര്‍ക്ക് കുംഭകോണം പുറത്തുവന്നതിലെ ജാള്യതയാണ് മന്ത്രിക്കുള്ളത്. അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്ന സ്ഥിതിയിലാണ് മന്ത്രിയെന്നും ചെന്നിത്തല പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."