രഞ്ജിട്രോഫി: കേരളം ശക്തമായ നിലയില്‍
തിരുവനന്തപുരം: ജലജ് സക്‌സേനയുടെ സെഞ്ചുറിയില്‍ ആന്ധ്രാപ്രദേശിനെതിരേ രഞ്ജിട്രോഫി ക്രിക്കറ്റില്‍ കേരളം ശക്തമായ നിലയില്‍. ആന്ധ്രയുടെ ഒന്നാം ഇന്നിങ്‌സ്് 254 റണ്‍സില്‍ അവസാനിപ്പിച്ച കേരളം ഇന്നലെ കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് എന്ന നിലയിലാണ്.
കേരളത്തിനു വേണ്ടി ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ജലജ് സക്‌സേന 127 റണ്‍സുമായി ക്രീസിലുണ്ട്. 56 റണ്‍സെടുത്ത കെ.ബി അരുണ്‍ കാര്‍ത്തിക്കിന്റെ വിക്കറ്റ് മാത്രമാണ് കേരളത്തിന് നഷ്ടമായത്. രണ്ടാം ദിനം ആന്ധ്ര എട്ടു വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് എന്ന നിലയിലാണ് ബാറ്റിങ് തുടങ്ങിയത്. 29 റണ്‍സ് കൂടി സ്‌കോര്‍ ചെയ്യുന്നതിനിടെ ഓള്‍ ഔട്ടായി.
മറുപടി ബാറ്റിങിനിറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ ജലജ് സക്‌സേനയും അരുണ്‍ കാര്‍ത്തിക്കും മികച്ച തുടക്കം നല്‍കി. ഓപ്പണര്‍മാരുടെ സെഞ്ചുറി കൂട്ടുകെട്ടാണ് കേരളത്തിന് മികച്ച അടിത്തറ സമ്മാനിച്ചത്. സ്‌കോര്‍ 139 ല്‍ എത്തി നില്‍ക്കേ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി.
125 പന്ത് നേരിട്ട് 56 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തിക്കിനെ ഷൊഹൈബ് മുഹമ്മദ് ഖാന്‍ എല്‍.ബി.ഡബ്ല്യുവില്‍ കുരുക്കി. ക്രീസിലെത്തിയ റോഹന്‍ പ്രേം ജലജ് സക്‌സേനക്കൊപ്പം മികച്ച പ്രകടനം പുറത്തെടുത്തതോടെ കേരളത്തിന്റെ സ്‌കോര്‍ 200 കടന്നു. ആന്ധ്രയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ മറികടക്കാന്‍ 27 റണ്‍സ് മാത്രം മതി കേരളത്തിന്. കേരളത്തിന്റെ അതിഥി താരം ജലജ് സക്‌സേനയുടെ ബാറ്റില്‍ നിന്നു പിറന്നത് 11 ബൗണ്ടറികളാണ്.
മൂന്നാം ദിനമായ ഇന്ന് കൂടുതല്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യാനുള്ള ശ്രമം കേരളം നടത്തും. മികച്ച ടോട്ടല്‍ നേടി ആന്ധ്രയെ രണ്ടാം ഇന്നിങ്‌സില്‍ പിടിച്ചുകെട്ടി വിജയം സ്വന്തമാക്കാനാണ് കേരളം ലക്ഷ്യമിടുന്നത്. ചതുര്‍ദിന പോരാട്ടം സമനിലയിലേക്ക് എത്തിക്കാനുള്ള തന്ത്രമാവും ആന്ധ്ര പയറ്റുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."