റെക്കോര്‍ഡുകളുടെ പെരുമഴ
ഫസലുറഹ്മാന്‍ തോട്ടുപൊയില്‍#
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ കോളജിയറ്റ് കായിക മേളയിലെ രണ്ടാം ദിനം റെക്കോര്‍ഡുകളുടെ പെരുമഴ. ഏഴ് മീറ്റ് റെക്കോര്‍ഡുകളാണ് ഇന്നലെ പിറന്നത്. പുരുഷ വിഭാഗത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനെ പിന്തള്ളി ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിന്റെ മുന്നേറ്റം.
ട്രാക്കിലും ഫീല്‍ഡിലും ക്രൈസ്റ്റ് താരങ്ങളെ നിഷ്പ്രഭമാക്കി ശ്രീകൃഷ്ണ കോളജിന്റെ താരങ്ങള്‍ നിറഞ്ഞാടിയപ്പോള്‍ ചരിത്രം വഴി മാറുന്ന കാഴ്ചയാണ് ഇന്നലെ സി.എച്ച് മുഹമ്മദ് കോയ സിന്തറ്റിക് സ്‌റ്റേഡിയത്തില്‍ കണ്ടത്. വനിതാ വിഭാഗത്തില്‍ പാലക്കാട് മേഴ്‌സി കോളജാണ് മുന്നില്‍. 25 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 50 പോയിന്റുമായാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ആറ് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമാണ് അവരുടെ നേട്ടം. 43 പോയിന്റ് നേടി രണ്ടാം സ്ഥാനത്തുള്ള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് അഞ്ച് സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമാണ് ലഭിച്ചത്.
ഒരു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടി ഒന്‍പത് പോയിന്റുമായി പത്തിരിപ്പാല ഗവണ്‍മെന്റ് കോളജ് മൂന്നാം സ്ഥാനത്താണ്. വനിതാ വിഭാഗത്തില്‍ നാല് സ്വര്‍ണവും നാല് വെള്ളിയും നാല് വെങ്കലവുമായി 42 പോയിന്റ് നേടി പാലക്കാട് മേഴ്‌സി കോളജ് ഒന്നാം സ്ഥാനത്തും രണ്ട് സ്വര്‍ണവും മൂന്ന് വെങ്കലവും നാല് വെള്ളിയുമായി 28 പോയിന്റ് നേടി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട രണ്ടാം സ്ഥാനത്തും രണ്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമായി 14 പോയിന്റ് നേടിയ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീച്ചിങ് ഡിപ്പാര്‍ട്ട്‌മെന്റ് മൂന്നാം സ്ഥാനത്തുമാണ്.രണ്ടാംദിനം രാവിലെ നടന്ന എല്ലാ ഫൈനലുകളും റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി.
20 കിലോമീറ്റര്‍ നടത്തത്തില്‍ പത്തിരിപ്പാല ഗവണ്‍മെന്റ് കോളജിലെ എ അനീഷാണ് ഇന്നലെ ആദ്യം റെക്കോര്‍ഡ് ബുക്ക് ഓപ്പണ്‍ ചെയ്തത്. ആദ്യമായി മീറ്റില്‍ ഉള്‍പ്പെടുത്തിയ പെണ്‍കുട്ടികളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് മേഴ്‌സി കോളജിന്റെ ജി നിഷയും റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി. വനിതാ വിഭാഗം ഡിസ്‌കസ് ത്രോയില്‍ 40.40 മീറ്റര്‍ ദൂരം എറിഞ്ഞ് പാലക്കാട് മേഴ്‌സി കോളജിന്റെ സോഫിയ എം ഷാജുവും ഹൈജംപില്‍ 1.76 മീറ്റര്‍ ചാടി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്റെ ഏഞ്ചല്‍ പി ദേവസ്യയും പുരുഷ വിഭാഗം ലോങ് ജംപില്‍ 7.76 മീറ്റര്‍ ചാടി ശ്രീകൃഷ്ണ കോളജ് ഗുരുവായൂരിന്റെ വൈ മുഹമ്മദ് അനീസും, 100 മീറ്റര്‍ ഓട്ടം 10.54 സെക്കന്റ് കൊണ്ട് പൂര്‍ത്തിയാക്കി ശ്രീകൃഷ്ണ കോളജ് ഗുരുവായൂരിന്റെ കെ.പി അശ്വിനും 1500 മീറ്റര്‍ ഓട്ടം 3.58.99 സെക്കന്റ് കൊണ്ട് പൂര്‍ത്തിയാക്കി െ്രെകസ്റ്റ് കോളജ് ഇരിങ്ങാലക്കുടയുടെ ബിബിന്‍ ജോര്‍ജും, 4-100 മീറ്റര്‍ റിലേ 41.17.00 സെക്കന്റ് കൊണ്ട് പൂര്‍ത്തിയാക്കി ശ്രീകൃഷ്ണ കോളജ് ഗുരുവായൂരുമാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചത്. പുരുഷ വിഭാഗം 20 കിലോമീറ്റര്‍ നടത്തത്തില്‍ രണ്ടാം സ്ഥാനം നേടിയ ചിറ്റൂര്‍ ഗവണ്‍മെന്റ് കോളജിലെ രഞ്ജിത്തും ഇത് വരെയുണ്ടായിരുന്ന റെക്കോര്‍ഡ് തിരുത്തിക്കുറിക്കപ്പെട്ടിരുന്നു. മീറ്റില്‍ ഇതുവരെ ആദ്യ ദിനത്തിലെ രണ്ട് റെക്കോര്‍ഡടക്കം ഒന്‍പത് റെക്കോര്‍ഡുകളാണ് ഇതുവരെ പിറന്നത്.
കല്ലടി എം.ഇ.എസ് കോളജിലെ സി.ബബിത ഇരട്ട സ്വര്‍ണവുമായി മീറ്റില്‍ തിളങ്ങി. 5000 മീറ്റര്‍ വനിതാ ഓട്ടത്തില്‍ ഒന്നാംദിനം സ്വര്‍ണം നേടിയ ബബിത ഇന്നലെ 1500 മീറ്റര്‍ ഓട്ടത്തിലും ഒന്നാമതായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സി.എച്ച് മുഹമ്മദ് കോയ സിന്തറ്റിക് സ്‌റ്റേഡിയത്തില്‍ നടന്ന് വരുന്ന കോളജിയറ്റ് അത്‌ലറ്റിക്‌സ് മീറ്റ് ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."