സഊദിയിലെ 130 പുരാതന മസ്ജിദുകള്‍ സംരക്ഷിക്കാന്‍ ഉത്തരവ്
റിയാദ്: രാജ്യത്തെ പുരാതന കാലത്തെ 130 മസ്ജിദുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കാന്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഉത്തരവിറക്കി. ഇസ്‌ലാമികകാര്യ മന്ത്രാലയവും ടൂറിസം, ദേശീയ പൈതൃക വകുപ്പും സഹകരിച്ച് നടപ്പാക്കുന്ന ചരിത്ര മസ്ജിദുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായാണ് പുരാതന മസ്ജിദുകള്‍ പരിഷ്‌കരിക്കുന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ ചരിത്ര മസ്ജിദ് പുനരുദ്ധാരണ പദ്ധതി എന്ന് പേരിട്ട പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ അഞ്ചു കോടിയിലേറെ റിയാല്‍ ചെലവില്‍ പത്തു പ്രവിശ്യകളിലെ മുപ്പതു മസ്ജിദുകള്‍ പുനരുദ്ധരിക്കും.
ഇരുപത് വര്‍ഷം മുന്‍പാരംഭിച്ച പദ്ധതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സഹായമാണ് ഇപ്പോള്‍ നടക്കുന്നത്. മൂന്നു വര്‍ഷം മുന്‍പാണ് ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ കൂടി പങ്കാളിത്തം പദ്ധതി നടപ്പാക്കുന്നതിന് പ്രയോജനപ്പെടുത്തി തുടങ്ങിയത്. ഇസ്‌ലാമിക ചരിത്രത്തിന്റെ ഉത്ഭവ സ്ഥാനമായ സഊദിയിലെ വിവിധ ഭാഗങ്ങളില്‍ ചരിത്രവുമായി നേരിട്ട് ബന്ധമുള്ള നൂറുകണക്കിന് പള്ളികളുണ്ട്. ഇവയില്‍ വളരെ പ്രധാനപ്പെട്ടവ മാത്രമാണ് സംരക്ഷിച്ച് പോരുന്നത്. ബാക്കിയുള്ളവ പലതും കാലക്രമേണ നാമാവശേഷമാവുകയോ തകരുകയോ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."