ചളിവെള്ളത്തില്‍ മുങ്ങി മേപ്പയൂര്‍-നെല്ല്യാടി റോഡ്
മേപ്പയ്യൂര്‍: മഴപെയ്താല്‍ മേപ്പയ്യൂര്‍-നെല്ല്യാടി റോഡ് മലിന ജലത്തില്‍ മുങ്ങുന്നു. മേപ്പയ്യൂരില്‍ നിന്ന് കൊയിലാണ്ടി റൂട്ടില്‍ കീഴനതാഴയാണ് മലിനജലം ഒഴുകിയെത്തി കെട്ടി നില്‍ക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് പെയ്ത മഴയില്‍ പത്ത് മിനിട്ടു കൊണ്ട് തന്നെ ഈ പ്രദേശം മലിനജലം കെട്ടി നിന്നു. വര്‍ഷകാലം ആയതോടെ ഇവിടെ വെള്ളം കെട്ടി നില്‍ക്കുന്നത് പതിവായിരിക്കുകയാണ്.
എന്നാല്‍ ഈ വര്‍ഷം ആദ്യത്തില്‍ പൊതുമരാമത്ത് വകുപ്പ് കുറഞ്ഞ ഭാഗംറോഡ് ഉയര്‍ത്തി ടാര്‍ ചെയ്തെങ്കിലും ഭൂരിഭാഗം സ്ഥലത്തും ഇപ്പോള്‍ വെളളം കെട്ടി നില്‍ക്കുകയാണ്.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മറ്റ് കാല്‍നടയാത്രക്കാര്‍ക്കും നടന്നു പോവാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. റോഡിന് ഇരുവശവുമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ ആര്‍ക്കും കയറിച്ചെല്ലാന്‍ കഴിയാത്ത സ്ഥിതിയാണ്.
ഇരുചക്രവാഹനയാത്രക്കാര് തെന്നി വീഴുന്നതും, ബസ്, ലോറി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുതിച്ചു പായുമ്പോള്‍ കടവരാന്തയിലേക്ക് മലിനജലം തെറിച്ച് വീഴുകയും ചെയ്യുന്നു. മേപ്പയൂര്‍ ടൗണിലെ മാര്‍ക്കറ്റ്, ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്ന് പുറം തള്ളുന്ന മാലിന്യങ്ങള്‍ ഒലിച്ചിറങ്ങുന്ന വെള്ളമാണ് ഇവിടെ തങ്ങിനില്ക്കുന്നത്. റോഡിന് ഇരുവശങ്ങളില്‍ ഡ്രൈനേജ് ഉണ്ടാക്കിയാല്‍ ഒരു പരിധി വരെ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുവാന്‍ കഴിയുമെന്ന് വ്യാപാരികള്‍ പറയുന്നു.
പൊതുമരാമത്ത് വകുപ്പും, ഗ്രാമപഞ്ചായത്തും ഇതിന് ഉടനടി പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടിക്ക് നേതൃത്വം നല്‍കുമെന്നും വ്യാപാരികള്‍ മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."