കാലിക്കറ്റ് സര്‍വകലാശാലാ അത്‌ലറ്റിക് മീറ്റ്: അനീസ് ചാടി, അഖിലേന്ത്യാ റെക്കോര്‍ഡ് നേട്ടത്തിലേക്ക്
തേഞ്ഞിപ്പലം: പുരുഷ വിഭാഗം ലോങ്ജംപില്‍ ശ്രീകൃഷ്ണ കോളജ് ഗുരുവായൂരിന്റെ തുറുപ്പുചീട്ടായ മുഹമ്മദ് അനീസിന്റെ ചാട്ടം തകര്‍ത്തെറിഞ്ഞത് അഖിലേന്ത്യാ റെക്കോര്‍ഡ്.
2005ല്‍ 7.74 മീറ്റര്‍ ചാടി ലോങ്ജംപില്‍ കേരള സര്‍വകലാശാലയുടെ സി.ജെ ക്ലിന്റെണ്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് 7.78 മീറ്റര്‍ ചാടി അനീസ് പഴങ്കഥയാക്കിയത്. ഒളിംപ്യന്‍ അനസിന്റെ അനിയനാണ് അനീസ്.
ചാടുന്നതിനൊപ്പം ഒരു സര്‍ക്കാര്‍ ജോലിയും അനീസ് ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഗുണ്ടൂരില്‍ നടന്ന അഖിലേന്ത്യാ സര്‍വകലാശാല ചാംപ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. തായ്‌പേയില്‍ നടന്ന ലോക സര്‍വകലാശാലാ മീറ്റിലും പങ്കെടുത്തിരുന്നു. പരുക്കേറ്റതിനാല്‍ തായ്‌പേയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല. ഇത്തവണ ഇറ്റലിയിലാണ് ചാംപ്യന്‍ഷിപ്പ്. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പണം ആദ്യമേ കെട്ടിവെക്കണം. സഹോദരനാണ് ഭീമമായ സംഖ്യ നല്‍കി അന്ന് സഹായിച്ചത്. ഇത്തവണ പങ്കെടുക്കാന്‍ പണം എങ്ങനെ ഉണ്ടാക്കുമെന്ന് ഒരുപിടിയും കിട്ടുന്നില്ല.
നാട്ടിലെത്തിയപ്പോള്‍ സര്‍വകലാശാലയും സായിയും സഹായിച്ചെന്നുംഅനീസ് പറഞ്ഞു. രണ്ടു ആഗ്രഹങ്ങളാണ് ഇപ്പോള്‍ അനീസിനുള്ളത്. ഒന്ന് രാജ്യത്തിനുവേണ്ടി മെഡലുകള്‍ നേടണം. മറ്റൊന്ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ജോലി. കേരളത്തില്‍ നിന്നുകൊണ്ട് പരിശീലനം തുടരാനാണ് ഈ മിടുക്കന്റെ ആഗ്രഹം.
പഴയ സഹപാഠിയുടെ ശിക്ഷണത്തില്‍ ഡോണാ ഷിബുവിന് സ്വര്‍ണ നേട്ടം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം 100 മീറ്ററില്‍ സ്വര്‍ണം നേടിയ ഡോണാ ഷിബുവിന്റെ കോച്ച് പഴയ സഹപാഠി. കൊടകര സഹൃദയ കോളജിലെ ബി.സി.എ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. അച്ഛന്‍ ഷിബുജോണ്‍ ലോറി െ്രെഡവറാണ്. ഹാര്‍ട്ടിന് ബാധിച്ച അസുഖം കാരണം ഒന്നര വര്‍ഷമായി ഡോണഷിബു വിശ്രമത്തിലായിരുന്നു. ഇപ്പോള്‍ അസുഖം പൂര്‍ണമായും സുഖപ്പെട്ടു. ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവര്‍ ട്രാക്കിലെത്തിയതും നേട്ടം കൊയ്തതും. കോച്ച് ഇടുക്കിക്കാരനായ സുധീഷ് രാജപ്പന്‍ നേരത്തെ കോതമംഗലം സെഞ്ച്വറി സ്‌കൂളില്‍ ഇവരുടെ സഹപാഠിയായിരുന്നു. സുധീഷ് രാജപ്പന്‍ 2014ല്‍ നാഷനല്‍ മിറ്റില്‍ പങ്കെടുത്ത് മെഡല്‍ നേടിയിട്ടുണ്ട്.
നടത്തത്തില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തിയ അനീഷിന് ജീവിതത്തിന്റെ റെക്കോര്‍ഡും തിരുത്തണം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടക്കുന്ന അത്‌ലറ്റിക് മീറ്റില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി സ്വര്‍ണം നേടിയ അനീഷിന് ഇനി തിരുത്തി മുന്നേറേണ്ടത് ജീവിതത്തിന്റെ റെക്കോര്‍ഡ്. പാടത്ത് ചേറ്റില്‍ ട്രാക്ടര്‍ പൂട്ടി കുടുംബത്തെ പോറ്റാന്‍ പെടാപ്പാട് പെടുന്ന അച്ഛന് ഒരു തൈത്താങ്ങാകാന്‍ ഇനിയൊരു ജോലി. ഇന്ത്യന്‍ സൈന്യത്തില്‍ ജോലി പ്രതീക്ഷിച്ചാണ് അനീഷിന്റെ ഓരോ ചുവടുവയ്പും.
തന്റെ ഓരോ മുന്നേറ്റത്തിലും പൂര്‍ണമായും പിന്തുണയും പ്രോത്സാഹനവും നല്‍കുന്ന കുടുംബത്തിന്റെ ആശ്രയമായ തനിക്ക് പ്രതീക്ഷിച്ച ജോലി കിട്ടുമെന്ന ആത്മ വിശ്വാസത്തിലാണ് കുടംബമെന്നാണ് ഈ താരം പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ 1.36.02.51 ന്റെ സ്വന്തം റെക്കോര്‍ഡാണ് ഈ വര്‍ഷം 1. 35.1.91 ല്‍ അനീഷ് നടന്നെത്തിച്ചത്.
പറളി ക്യാംപിലെ പി.ജി അനീഷിന്റെ ശിഷ്യനായ താരം പാലക്കാട് പത്തിരിപ്പാല ഗവ.ആര്‍ട്‌സ് കോളജ് ബി.ബി.എ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ്. എട്ട് വര്‍ഷമായി പറളി ക്യാംപിലാണ് അനീഷ് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ഇതേ ഇനത്തില്‍ അനീഷ് സ്വര്‍ണം നേടിയിരുന്നു.
നദേശീയ മീറ്റില്‍ വെള്ളിയും അനീഷ് സ്വന്തമാക്കിയിട്ടുണ്ട്. പാലക്കാട് കൊടുമ്പ് ഇല്ലത്തുപറമ്പ് സ്വദേശി അപ്പു മണി-ഉഷ ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്തവനാണ് അനീഷ്. അഞ്ജനയാണ് സഹോദരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."