കൊടിഞ്ഞിപ്പള്ളിയിലെ പലഹാരവിതരണത്തിന് മതമൈത്രിയുടെ ഇരട്ടിമധുരം
തിരൂരങ്ങാടി: ഇതരസമുദായങ്ങളും ഇരുപത്തേഴാം രാവിന്റെ മധുരംപങ്കിട്ട് കൊടിഞ്ഞിപ്പള്ളിയിലെത്തിയത് മതമൈത്രിയുടെ നേര്‍ക്കാഴ്ചയായി. കൊടിഞ്ഞി പഴയജുമാമസ്ജിദിലാണ് ഹൈന്ദവ വിശ്വാസികള്‍ക്കടക്കമുള്ള പലഹാര വിതരണം ഇന്നുംതുടര്‍ന്നു വരുന്നത്. നാട്ടിലെ കുലത്തൊഴിലുകാരായ കുറുപ്പ്, കൊല്ലന്‍,വണ്ണാന്‍, ആശാരി സമുദായക്കാര്‍ തങ്ങളുടെ ഓഹരിസ്വീകരിക്കാന്‍ ഇന്നലെയും പള്ളിയിലെത്തി.
ഇരുനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്പുറം സയ്യിദ് അലവി തങ്ങള്‍ നിര്‍മിച്ച ചരിത്രപ്രസിദ്ധമായ സത്യപള്ളി എന്നറിയപ്പെടുന്ന കൊടിഞ്ഞിപ്പള്ളിയില്‍ റമദാനിലെ ഇരുപത്തേഴാം രാവിലാണ് പലഹാരവിതരണം. അലവി തങ്ങളുടെ കാലംമുതല്‍ കൊടിഞ്ഞി പള്ളിയില്‍ പരമ്പരാഗതമായി തുടര്‍ന്ന് വരുന്ന ആചാരമാണിത്. ഉച്ചയോടെതന്നെ കൊടിഞ്ഞിപ്രദേശത്തെ വീടുകളില്‍നിന്നും പള്ളിയില്‍ അപ്പം അടക്കമുള്ള മധുരപലഹാരങ്ങള്‍ എത്തിത്തുടങ്ങും. വൈകിട്ട് ഹൈന്ദവസമുദായത്തിലെ അവകാശികള്‍ക്കാണ് ആദ്യം വിതരണംചെയ്യുക. പിന്നീട് നോമ്പ് തുറക്കാനും തറാവീഹിനും പള്ളിയില്‍ ഒരുമിച്ച് കൂടുന്നവര്‍ക്കും വിതരണം ചെയ്യും. പ്രത്യേക പ്രാര്‍ഥനയും ഉണ്ടാവും.
മറ്റുപ്രദേശങ്ങളില്‍ നിന്നും പള്ളി നിര്‍മാണത്തിനായി മമ്പുറം തങ്ങള്‍ കൊണ്ടുവന്നതാണ് ഇവരുടെ പൂര്‍വികരെ. ആശാരിമാര്‍ മരപ്പണിയും കുറുപ്പ് കല്‍പ്പണിയും കൊല്ലന്മാര്‍ ഇരുമ്പു പണികളും ചെയ്തു. പള്ളി നിര്‍മാണത്തിനുശേഷം മൂന്നു വിഭാഗങ്ങള്‍ക്കും കൊടിഞ്ഞിയില്‍ സ്ഥലം നല്‍കി തങ്ങള്‍ പുനരധിവസിപ്പിക്കുകയും കൂടാതെ പള്ളിയില്‍ ഇരുപത്തേഴാം രാവിലെ പലഹാര വിതരണത്തില്‍ ഇവര്‍ക്ക് പ്രത്യേക ഓഹരി അവകാശമാക്കി മാറ്റി വെയ്ക്കുകയും ചെയ്തു. പള്ളിയില്‍ പ്രതിവര്‍ഷം നടക്കുന്ന സ്ഥാപകനേര്‍ച്ചയില്‍ അറുക്കുന്ന മാടുകളുടെ തുകലിന്റെ അവകാശം തങ്ങള്‍ നല്‍കിയത് കൊല്ലന്മാര്‍ക്കാണ്. മമ്പുറംതങ്ങള്‍ തുടങ്ങിവെച്ച സത്യം ഇന്നും തുടര്‍ന്നുവരുന്നുണ്ട്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ആളുകളാണ് സത്യത്തിന് പള്ളിയില്‍ എത്താറുള്ളത്. പൊലിസ് സ്റ്റേഷനുകള്‍ , കോടതികള്‍ എന്നിവിടങ്ങളില്‍ നിന്നും തീര്‍പ്പാകാത്ത കേസുകള്‍ പലതും അവസാനം കൊടിഞ്ഞി പള്ളിയിലേക്ക് മാറ്റിവെയ്ക്കാറുണ്ട്.
പലഹാരങ്ങള്‍ പള്ളിസെക്രട്ടറി പത്തൂര്‍ കുഞ്ഞുട്ടിഹാജി വിതരണംചെയ്തു. പള്ളി പ്രസിഡന്റ്് പി.സി മുഹമ്മദാജി, ഖത്തീബ് ഹൈദരലിഫൈസി, പി.വി കോമുക്കുട്ടി ഹാജി, ടി.സി അഹമ്മദ്കുട്ടിഹാജി, എലിമ്പാട്ടില്‍ ഹംസഹാജി, പനക്കല്‍ ബീരാന്‍കുട്ടിഹാജി, പാലക്കാട്ട് ഹംസ,പാലക്കാട്ട് പോക്കുഹാജി, വി.വി അബ്ദുല്‍മജീദ്,പാലക്കാട്ട് ബാവഹാജി , പനക്കല്‍ സിദ്ധീഖ്, കാരാംകുണ്ടില്‍ ഹസ്സന്‍കുട്ടി ഹാജി, പാലക്കാട്ട് മുഹമ്മദ്ബാവ, കരുവാട്ടില്‍ ഹംസ, പാലക്കാട്ട് അബ്ദുല്‍കരീം, കുന്നത്തേരി മുഹമ്മദ്കുട്ടിഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."