ചരിത്രം വിളിച്ചോതുന്ന കോട്ടപ്പുറം ബോട്ട് സര്‍വിസ് ടിക്കറ്റ്കൗണ്ടര്‍ പൊളിക്കുന്നു
കൊടുങ്ങല്ലൂര്‍: ഒരു കാലത്ത് വടക്കന്‍ കേരളത്തെ തെക്കന്‍ കേരളവുമായി ബന്ധിപ്പിച്ചിരുന്ന പ്രധാന യാത്രാമാര്‍ഗമായിരുന്ന കോട്ടപ്പുറം ബോട്ട് സര്‍വിസിന്റെ അടയാളമായി ഇന്നും നിലനില്‍ക്കുകയാണ് പഴയ ടിക്കറ്റ് കൗണ്ടര്‍.
കോട്ടപ്പുറം ചന്തയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ ടിക്കറ്റ് കൗണ്ടര്‍ പൊളിച്ചുനീക്കാനൊരുങ്ങുകയാണ് അധികൃതര്‍. അതോടെ ഒരു കാലഘട്ടത്തിന്റെ അടയാളം മാഞ്ഞു പോകും. മൂന്നു പതിറ്റാണ്ടു മുന്‍പു വരെ ആയിരക്കണക്കിനാളുകള്‍ പെരിയാര്‍ കടന്നിരുന്നത് ഇതുവഴിയാണ്. ഒരു കാലഘട്ടത്തിന്റെ സംസ്‌ക്കാരത്തെ അക്കരെ കടത്തിയതും ഈ ജലപാത തന്നെ. ഏതാണ്ട് 28 ബോട്ട് സര്‍വിസുകള്‍ ഇവിടെ ഉണ്ടായിരുന്നു. ലോര്‍ഡ് ഹരി എന്ന ഇരുനില യാത്ര ബോട്ടായിരുന്നു കൂട്ടത്തില്‍ കേമന്‍. ചാമ്പച്ചന്‍ എന്ന ബോട്ടും പഴമക്കാരുടെ ഓര്‍മകളില്‍ സൈറണ്‍ മുഴക്കുന്നുണ്ട്. പെരിയാറിന് ഇരുവശങ്ങളിലായുള്ള കരകളെ ബന്ധിപ്പിച്ചുള്ള ഈ സഞ്ചാരം അന്നത്തെ ജനങ്ങളുടെ ഏക യാത്രാ മാര്‍ഗമായിരുന്നു. പ്രധാനപ്പെട്ട ബോട്ടു ജെട്ടികളിലേക്കു ചെറുകടവുകളില്‍ നിന്നു കടത്തുവള്ളങ്ങളാണ് യാത്രക്കാരെ എത്തിച്ചിരുന്നത്. വിവാഹങ്ങള്‍ക്കു ആഘോഷയാത്രയൊരുക്കിയും അടിയന്തര ഘട്ടങ്ങളില്‍ ആംബുലന്‍സായും ഈ ബോട്ടുകള്‍ നാട്ടുകാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറി. പിന്നീട് 1986ല്‍ കോട്ടപ്പുറം പാലം തുറന്നതോടെ ബോട്ട് സര്‍വിസ് ഇല്ലാതാകുകയായിരുന്നു. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി നിരവധി ബോട്ടുകള്‍ വിനോദ യാത്രാ സര്‍വിസുകള്‍ നടത്തുന്നുണ്ടെങ്കിലും പഴയ കടത്തു യാത്രയുടെ ചൂടുള്ള ഓര്‍മകള്‍ കോട്ടപ്പുറം കടവിനെ വിട്ടൊഴിയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."