HOME
DETAILS

വരുന്നൂ.., സവര്‍ക്കര്‍ രാഷ്ട്രപിതാവാകാന്‍

  
backup
October 19 2019 | 18:10 PM

bjp-government-rewrite-indian-history-veendu-vicharam-a-sajeevan-783966-212

 

 


വീര സവര്‍ക്കറില്ലായിരുന്നെങ്കില്‍ ഇന്ത്യയിലെ ഒന്നാംസ്വാതന്ത്ര്യസമരം വെറും ലഹളയായി ചരിത്രത്തില്‍ എഴുതപ്പെടുമായിരുന്നുവെന്ന ഇന്ത്യയുടെ ആഭ്യന്തരവകുപ്പുമന്ത്രിയുടെ പ്രസ്താവന വായിച്ചപ്പോള്‍ എന്റെ ചരിത്രബോധം തെറ്റായിരുന്നോ എന്നു തോന്നിപ്പോയി. പഠിച്ചതനുസരിച്ച് ഒന്നാം സ്വാതന്ത്ര്യസമരം നടന്നത് 1857ലാണ്. വിനായക് ദാമോദര്‍ സവര്‍ക്കര്‍ ജനിച്ചത് 1883 മേയ് 28നാണ്. ഒന്നാം സ്വാതന്ത്ര്യസമരം നടന്നു കാല്‍നൂറ്റാണ്ടു പിന്നിട്ടശേഷം ജനിച്ച ഒരാള്‍ എങ്ങനെയാണ് ആ ചരിത്രസംഭവത്തില്‍ നിര്‍ണായകസ്ഥാനം വഹിക്കുക.
താന്‍ പറഞ്ഞതിന്റെ യുക്തി സമര്‍ഥിക്കാന്‍ അമിത്ഷായുടെ കൈയില്‍ ഒരു 'ആയുധ'മുണ്ടെന്നറിയാം. അതു സവര്‍ക്കര്‍ എഴുതിയ 'ഇന്ത്യന്‍ സ്വാതന്ത്ര്യയുദ്ധത്തിന്റെ ചരിത്രം' എന്ന പുസ്തകമാണ്. അതില്‍, 1857 ലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തെ 'സ്വാതന്ത്ര്യത്തിനായുള്ള ഒന്നാമത്തെ യുദ്ധ'മായാണു വിശേഷിപ്പിച്ചത്. എന്നാല്‍, അക്കാരണത്താല്‍ ആ പോരാട്ടത്തിന്റെ പിതൃത്വം സവര്‍ക്കര്‍ക്കു നല്‍കാനാകില്ലല്ലോ. ആ പോരാട്ടത്തിന്റെ എല്ലാ ഖ്യാതിയും അതില്‍ പങ്കെടുത്ത അക്കാലത്തെ ധീരദേശാഭിമാനികള്‍ക്കുള്ളതാണ്.
ഒന്നാം സ്വാതന്ത്ര്യസമരത്തെ യുദ്ധമായി ചിത്രീകരിച്ചത് സവര്‍ക്കര്‍ ചെറുപ്പംമുതല്‍ വച്ചുപുലര്‍ത്തിയ മനോഭാവത്താലാണ്. യുദ്ധം ചെയ്തു സ്വാതന്ത്ര്യം നേടണമെന്നായിരുന്നു സവര്‍ക്കറുടെ ചെറുപ്പകാല കാഴ്ചപ്പാട്. ഗറില്ലാ യുദ്ധതന്ത്രങ്ങളായിരുന്നു സവര്‍ക്കറെ ആകര്‍ഷിച്ചത്. ബോംബു നിര്‍മാണം പരിശീലിക്കണമെന്നു പ്രോത്സാഹിപ്പിച്ചു.
കടുത്ത വര്‍ഗീയവാദിയായിരുന്നു സവര്‍ക്കര്‍. പന്ത്രണ്ടു വയസുള്ളപ്പോള്‍ തന്റെ നാട്ടില്‍ നടന്ന വര്‍ഗീയലഹളയില്‍ പങ്കെടുത്തു കൂട്ടുകാരോടൊപ്പം മുസ്‌ലിം പള്ളി തകര്‍ത്ത് അതു തങ്ങളുടെ ഹൃദയത്തെ തൃപ്തിപ്പെടുത്തിയെന്ന് അഭിമാനിച്ചയാളാണ്. ഹിന്ദുത്വം ഒരു രാഷ്ട്രീയസിദ്ധാന്തമാക്കി കൊണ്ടുവന്നതു സവര്‍ക്കറായിരുന്നു. അതിനു മുസ്‌ലിംവിരുദ്ധത വലിയ ആയുധമാക്കുകയും ചെയ്തു.
ഇന്ത്യ ഹിന്ദുക്കളുടെ മാത്രം പുണ്യഭൂമിയാണെന്നും ഈ ഭൂമിയുടെ അവകാശം മറ്റാര്‍ക്കും നല്‍കാനാവില്ലെന്നും സവര്‍ക്കര്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. സ്വാഭാവികമായും അതിതീവ്ര വര്‍ഗീയചിന്തയാല്‍ രൂപം കൊണ്ട ഹിന്ദുമഹാസഭയുടെ നേതൃത്വത്തിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി അദ്ദേഹം മാറി. ഹിന്ദുക്കളെയും ബുദ്ധമതക്കാരെയും ജൈനമതക്കാരെയും മറ്റും ഹിന്ദുരാഷ്ട്രത്തിന്റെ സന്തതികളായി പരിഗണിച്ചിരുന്ന സവര്‍ക്കര്‍ ആ പട്ടികയില്‍ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ചേര്‍ക്കാന്‍ വിസമ്മതിച്ചിരുന്നു. ഇസ്‌ലാമിലേയ്ക്കും ക്രിസ്തുമതത്തിലേയ്ക്കും മാറിയവര്‍ തിരിച്ചുവരണമെന്ന ഘര്‍വാപസി സിദ്ധാന്തത്തിന്റെ പ്രാണേതാവായിരുന്നു സവര്‍ക്കര്‍.
അക്രമത്തിലൂന്നിയ സ്വാതന്ത്ര്യപ്പോരാട്ടവും കടുത്തവര്‍ഗീയതയും മനസ്സില്‍ നിറഞ്ഞൊഴുകിയ സവര്‍ക്കര്‍ക്ക്, അക്കാരണത്താല്‍ തന്നെ രക്തരഹിതമായ സ്വാതന്ത്ര്യസമരമെന്ന ആശയവുമായി ജനമനസ്സില്‍ സ്ഥാനം പിടിച്ച, മതസാഹോദര്യത്തിന്റെ ആള്‍രൂപമായ മഹാത്മജിയോടു പരമപുച്ഛമായിരുന്നു. കപടനും അനുഭവജ്ഞാനമില്ലാത്തവനും പക്വതയില്ലാത്തവനുമെന്നൊക്കെയാണു സവര്‍ക്കര്‍ ഗാന്ധിജിയെ വിശേഷിപ്പിച്ചിരുന്നത്. ജിന്നയുടെ നേതൃത്വത്തില്‍ പാകിസ്താന്‍ വാദം ആരംഭിക്കുകയും കോണ്‍ഗ്രസ്സിന്റെ നായകനായ മഹാത്മജി നിവൃത്തിയില്ലാതെ വിഭജനത്തിനു സമ്മതിക്കേണ്ടിവരികയും ചെയ്തപ്പോള്‍ സവര്‍ക്കറുടെയും നാഥുറാം ഗോഡ്‌സെയുടെയും നാരായണ്‍ ആപ്‌തെയുടെയും മറ്റും കണ്ണിലെ കരടായി മാറി, ഗാന്ധി. 1910 മുതല്‍ 1924 വരെ സവര്‍ക്കര്‍ ആന്തമാനിലെ സെല്ലുലാര്‍ ജയിലിലുള്‍പ്പെടെ തടവുകാരനായിരുന്നു. എന്നാല്‍, ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടം ഒരിക്കലും സവര്‍ക്കറെ രാഷ്ട്രീയത്തടവുകാരനായി പരിഗണിച്ചിരുന്നില്ല. നാസിക് കലക്ടറെ വധിച്ച കേസില്‍ ഗൂഢാലോചനയ്ക്കും രാജാവിനെതിരേ ഗൂഢാലോചന നടത്തിയതിനുമാണ് അദ്ദേഹത്തെ 50 വര്‍ഷക്കാലത്തേയ്ക്കു ശിക്ഷിച്ചത്.
ജയിലിലടച്ചു പിറ്റേവര്‍ഷം മുതല്‍ തുടര്‍ച്ചയായി ബ്രിട്ടീഷ് ഭരണകൂടത്തിനു മുന്നില്‍ ദയാഹരജി സമര്‍പ്പിച്ചയാളാണു സവര്‍ക്കര്‍. ആ ദയാഹരജികള്‍ ബ്രിട്ടീഷ് ഭരണകൂടത്തിനു മുന്നില്‍ സമ്പൂര്‍ണമായ കീഴടങ്ങലായിരുന്നു. 'പിതൃഭവനത്തിലേയ്ക്കു തിരിച്ചുവരാന്‍ കൊതിക്കുന്ന മുടിയനായ പുത്ര'നെന്നാണ് ദയാഹരജികളിലൊന്നില്‍ സവര്‍ക്കര്‍ തന്നെ വിശേഷിപ്പിച്ചത്. 'ജയില്‍മോചിതനാക്കി ബ്രിട്ടീഷ് ഭരണകൂടത്തോടുള്ള കൂറു തെളിയിക്കാന്‍ തനിക്ക് അവസരം നല്‍കണമെന്നും തന്റെ മനഃപരിവര്‍ത്തനം കണ്ടു പതിനായിരക്കണക്കിന് അനുയായികളും അതേ മാര്‍ഗം സ്വീകരിക്കു'മെന്നും ദയാഹരജിയില്‍ ബോധിപ്പിച്ചു. പക്ഷേ, ബ്രിട്ടീഷ് ഭരണകൂടം കനിഞ്ഞില്ല. പില്‍ക്കാലത്ത് 1920 ല്‍ ഗാന്ധിജിയെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സവര്‍ക്കറുടെ മോചനത്തിനായി ശക്തമായ ആവശ്യമുന്നയിച്ചശേഷമാണ് കുറച്ചുനാള്‍ വൈകിപ്പിച്ചാണെങ്കിലും, ഒരു വീണ്ടുവിചാരത്തിനു ബ്രിട്ടീഷ് ഭരണകൂടം തയാറായത്. അങ്ങനെ 1924 ല്‍ സവര്‍ക്കര്‍ മോചിതനായി.
ഒരു കാര്യം സത്യമാണ്. അദ്ദേഹം തുടര്‍ച്ചയായി ബ്രിട്ടീഷ് ഭരണകൂടത്തിന് അയച്ച ദയാഹരജികളില്‍ പറഞ്ഞപോലെ, പിന്നീടങ്ങോട്ട്, രണ്ടാം ലോകമഹായുദ്ധ കാലത്തുള്‍പ്പെടെ, ബ്രിട്ടീഷ് ഭരണകൂടത്തെ അന്ധമായി അനുകൂലിക്കുകയായിരുന്നു സവര്‍ക്കറും ഹിന്ദുമഹാസഭയും. സ്വാതന്ത്ര്യത്തിനായുള്ള അന്തിമപോരാട്ടമായി മഹാത്മജി ആഹ്വാനം ചെയ്ത ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു സവര്‍ക്കര്‍. ഗാന്ധിവധത്തെ തുടര്‍ന്ന് 1948 ഫെബ്രുവരി അഞ്ചിന് സവര്‍ക്കര്‍ അറസ്റ്റിലായി. ഗൂഢാലോചനയായിരുന്നു ആദ്യ കുറ്റാരോപണം. എന്നാല്‍, ഗൂഢാലോചനയും ആസൂത്രണവുമുള്‍പ്പെടെ എല്ലാ കുറ്റവും താന്‍ മാത്രമാണു നടത്തിയതെന്ന നാഥുറാം ഗോഡ്‌സെയുടെ കുറ്റമേല്‍ക്കലിന്റെ അടിസ്ഥാനത്തിലും ശക്തമായ തെളിവുകളുടെ അഭാവത്തിലും സവര്‍ക്കര്‍ ശിക്ഷിക്കപ്പെട്ടില്ല. പക്ഷേ, നാഥുറാമിനും ആപ്‌തേയ്ക്കും സവര്‍ക്കറുടെ മാനസികപിന്തുണയുണ്ടായിരുന്നുവെന്നു മതേതരവിശ്വാസികളില്‍ മിക്കവരും അന്നുമിന്നും വിശ്വസിക്കുന്നു.
ആ സവര്‍ക്കറെ രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി ആദരിക്കണമെന്നാണു ബി.ജെ.പി മഹാരാഷ്ട്രയില്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ ആവശ്യപ്പെടുന്നത്. ഒന്നാം സ്വാതന്ത്ര്യസമരത്തെ ലഹളയാക്കി ഇകഴ്ത്താതിരിക്കാന്‍ കാരണഭൂതനെന്നു കേന്ദ്ര ആഭ്യന്തരവകുപ്പു മന്ത്രി പ്രകീര്‍ത്തിക്കുന്നതും ഇതുമായി കൂട്ടിവായിക്കണം. ഇന്ത്യാചരിത്രം ഇന്ത്യയുടെ കാഴ്ചപ്പാടില്‍ മാറ്റിയെഴുതണമെന്ന അമിത്ഷായുടെ വാക്കുകളും ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് അടുത്തകാലത്തു ഗാന്ധിജിയുടെ 'തേജസ്സി'നെ ഇടിച്ചുതാഴ്ത്താന്‍ നടന്ന സംഭവങ്ങള്‍. സവര്‍ക്കര്‍ അധ്യക്ഷനായിരുന്ന ഹിന്ദുമഹാസഭയുടെ ദേശീയനേതാവായ പൂജാ ശകുന്‍ പാണ്ഡെയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഈയിടെയാണു ഗാന്ധിയുടെ ഛായാചിത്രത്തിലേയ്ക്കു നിറയൊഴിച്ച് ആഘോഷിച്ചത്. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സേയ്ക്കു ക്ഷേത്രം പണിതതും അടുത്തകാലത്താണ്. ഗാന്ധിജിയുടെ ചിതാഭസ്മം മോഷ്ടിച്ച് അതുകൊണ്ടു തന്നെ ഗാന്ധിപ്രതിമയ്ക്കു താഴെ 'രാജ്യദ്രോഹി'യെന്ന് എഴുതി സായൂജ്യമടഞ്ഞതും ഈയടുത്താണ്.
ഗാന്ധി ഇകഴ്ത്തപ്പെടുന്നതിനു തൊട്ടുപിന്നാലെയാണു സവര്‍ക്കറെ ആരാധ്യനാക്കി മാറ്റുന്നത്. നാളെ അദ്ദേഹത്തെ ഭാരതരത്‌നം നല്‍കി ആദരിച്ചേക്കാം. വൈകാതെ ഒന്നാം സ്വാതന്ത്ര്യസമരത്തിനു മാന്യത നല്‍കുകയും രണ്ടാം സ്വാതന്ത്ര്യസമരത്തിനു നായകത്വം നല്‍കുകയും ചെയ്ത നേതാവായി പ്രകീര്‍ത്തിക്കപ്പെട്ടേയ്ക്കാം. അതുകഴിഞ്ഞ്, ഇകഴ്ത്തപ്പെട്ട മോഹന്‍ദാസ് കരംചന്ദ് ഗാന്ധിക്കു പകരം 'വീരസവര്‍ക്കര്‍' ഭാരതത്തിന്റെ രാഷ്ട്രപിതാവായി അവരോധിക്കപ്പെടുകയും ചെയ്‌തേക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  14 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  14 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  14 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  14 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  14 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  14 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  14 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  14 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  14 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  14 days ago