കേന്ദ്ര സര്‍വകലാശാലയിലെ അക്രമം: എസ്.എഫ്.ഐ ജില്ലാ നേതാക്കള്‍ അടക്കം ആറുപേര്‍ അറസ്റ്റില്‍
പെരിയ: കേന്ദ്ര സര്‍വകലാശാലയിലെ അക്രമസംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ ജില്ലാ നേതാക്കളുള്‍പ്പെടെ ആറുപേരെ ബേക്കല്‍ പൊലിസ് അറസ്റ്റ് ചെയ്തു. മുന്നാട് മുരിക്കുഴിയിലെ ആല്‍വിന്‍ മാത്യു (23), ഉദിനൂര്‍ ആയിറ്റിയിലെ കെ. യദു (24), ചെറുവത്തൂര്‍ കാനത്തിലെ കെ. അഭിരാം (22), കാഞ്ഞങ്ങാട്ടെ ജയ നാരായണന്‍ (23), കയ്യോലിലെ ശ്രീജിത്ത് രവീന്ദ്രന്‍ (24), ചെറുവത്തൂര്‍ കുട്ടമത്തെ എം.ടി സിദ്ധാര്‍ത്ഥന്‍ (20) എന്നിവരെയാണ് ബേക്കല്‍ എസ്.ഐ കെ.പി വിനോദ് കുമാറും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം സര്‍വകലാശാലയില്‍ യൂനിയന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് കാംപസിലെത്തിയപ്പോഴാണ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ടു കേസുകളിലെ പ്രതികളാണിവരെന്ന് പൊലിസ് പറഞ്ഞു. സര്‍വകലാശാലാ കാംപസില്‍ അതിക്രമിച്ചു കടക്കുകയും സമരത്തിനിടയില്‍ ചെടിച്ചട്ടികളും ജനല്‍ ഗ്ലാസുകളും തകര്‍ത്ത് 30,000 രൂപയുടെ നാശനഷ്ടമുണ്ടാക്കിയതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. സര്‍വകലാശാലയില്‍ അതിക്രമിച്ചുകടന്ന് വി.സി ഉള്‍പ്പെടെയുള്ള ജീവനക്കാരെ ബന്ധിയാക്കിയതിനും ഇവര്‍ക്കെതിരേ കേസുണ്ട്. മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."