ഇരുന്ന് പഠിക്കാന്‍ പോലും സ്ഥലമില്ലാതെ വട്ടേനാട് ജി.എല്‍.പി സ്‌കൂള്‍
വട്ടേനാട്: വട്ടേനാട് ജി.എല്‍.പി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഇരുന്നു പഠിക്കാന്‍ ഒടുവില്‍ സ്റ്റേജും. വേണ്ടത്ര ക്ലാസ് മുറികളില്ലാത്തതിനാല്‍ സ്‌കൂളിന്റെ ഓഡിറ്റോറിയത്തിനോട് ചേര്‍ന്നുള്ള സ്‌റ്റേജ് ഇപ്പോള്‍ ക്ലാസ്‌റൂമായി പ്രവര്‍ത്തിക്കുകയാണ്. പൊതുവിദ്യാലയങ്ങളില്‍ ഓരോ വര്‍ഷം വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. സ്‌കൂളിലെ മികച്ച അധ്യായനവും പാഠ്യേതര പ്രവര്‍ത്തനങ്ങളും ഉള്ളതിനാല്‍ ഈ സ്‌കൂളിലേക്ക് ഒരോ വര്‍ഷവും കുട്ടികളുടെ ഒഴുക്കാണ്. എന്നാല്‍, ആവശ്യത്തിന് ക്ലാസ് മുറികളില്ലാത്തത് വിദ്യാര്‍ഥികളെയും അധ്യാപകരെയും വലക്കുകയാണ്.
പ്രീപ്രൈമറി ക്ലാസുകളിലേതുള്‍പ്പെടെ 719 വിദ്യാര്‍ഥികളാണ് വട്ടേനാട് ജി.എല്‍.പി സ്‌കൂളില്‍ പഠിക്കുന്നത്. 110 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം കൂടുതലായി പ്രവേശനം നേടിയത്. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് ഇരിക്കുന്നതിന് ആവശ്യത്തിന് സൗകര്യമില്ലാതെ വരികയായിരുന്നു. 30 കുട്ടികള്‍ ഇരുന്നു പഠിക്കേണ്ട പല ക്ലാസ് മുറികളിലും 42 വരെ വിദ്യാര്‍ഥികളാണ് ഇരിക്കുന്നത്. നാലാം ക്ലാസില്‍ മൂന്നു ഡിവിഷനുകളിലായി 133 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. എന്നിട്ടും, ഇരിക്കാനുള്ള സൗകര്യം ലഭിയമാകാത്തതിനെ തുടര്‍ന്ന്, പൂര്‍വവിദ്യാര്‍ഥികള്‍ നിര്‍മിച്ചു നല്‍കിയ ഓഡിറ്റോറിയത്തിനോടു ചേര്‍ന്നുള്ള സ്‌റ്റേജിലും ബി.ആര്‍.സി കെട്ടിടത്തിലുമൊക്കെയായാണ് ക്ലാസുകള്‍ നടന്നുപോകുന്നത്.
കേരള വിദ്യാഭ്യാസ നിയമം വരുന്നതിന് മുമ്പ് നിര്‍മിച്ച ഒന്‍പത് ക്ലാസ് മുറികളാണ് സ്‌കൂളിലുള്ളത്. ഇത്, നിലവിലെ നിയമം അനുശാസിക്കുന്ന ക്ലാസ് മുറിയുടെ വിസ്തീര്‍ണത്തില്‍നിന്ന് കുറവാണ്. എം.പിയുടെ ഗ്രാമവികസന ഫണ്ടില്‍നിന്ന് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, നിര്‍മാണം ഇതുവരെ തുടങ്ങിയിട്ടില്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഒന്നാം ക്ലാസിന് പ്രവേശനം നേടിയ സ്‌കൂളുകളിലൊന്നുമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."