ധീരജവാന്‍ ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു
#ജോണ്‍സണ്‍ മാവുങ്കല്‍
തൃപ്പൂണിത്തുറ: പാക് നിയന്ത്രണരേഖയില്‍ മെന്ദര്‍ പ്രദേശത്തെ കൃഷ്ണ ഘട്ടി സെക്ടറില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റ് വീരമൃത്യു വരിച്ച ലാന്‍സ് നായിക് ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള മുന്‍ സൈനികരും ചേര്‍ന്ന് ഏറ്റുവാങ്ങി. എം.എല്‍.എ.മാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ , ഡിസി സി പ്രസിഡണ്ട് ടി ജെ വിനോദ് ,ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോണ്‍ ജേക്കബ്, കൊച്ചി ആര്‍മി സ്റ്റേഷന്‍ ഓഫീസര്‍മാരായ കെ കെ കിരണ്‍, മേജര്‍ കെ എസ് രാജീവ്, നെടുമ്പാശ്ശേരി സിഐ വി.എസ് ബൈജു, എസ്.ഐ.പി ജെ നോബിള്‍, ആന്റണിയുടെ അടുത്ത ബന്ധുക്കള്‍ തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു.
മൃതദേഹത്തെ സുബേദാര്‍ വിശ്വമോഹന്റെ നേതൃത്വത്തില്‍ നാല് സൈനീകര്‍ അനുഗമിച്ചു. ഒമ്പത് മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്തെത്തിച്ച മൃതദേഹം ഒമ്പതരയോടെ ഉദയംപേരൂര്‍ സ്റ്റെല്ല മേരീസ് പബ്ലിക് സ്‌കൂളിന് സമീപമുള്ള ആന്റണി സെബാസ്‌റ്യന്റെ കറുകയില്‍ വസതിയിലെത്തിച്ചു. മൃതദേഹത്തിന്റെ കൂടെ ആന്റണിയുടെ സഹപ്രവര്‍ത്തകരായ പാലക്കാട് സ്വദേശി രാജീവ്, കോഴിക്കോട് സ്വദേശി ബബീഷ് എന്നിവരും അനുഗമിച്ചിരുന്നു.
ഇടുങ്ങിയ വഴിയിലൂടെ വളരെ പ്രയാസപ്പെട്ടാണ് സൈനികരും ബന്ധുക്കളും മൃതദേഹം വീട്ടില്‍ കയറ്റിയത്. ഈ സമയം വീട്ടില്‍ ഉണ്ടായിരുന്ന അമ്മയും ഭാര്യയും മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് കരയുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. അലമുറയിട്ട് കരഞ്ഞ ഇവരെ സ്വാന്ത്യനിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു.ഹൃദയം നുറുങ്ങിയ കരച്ചില്‍ കണ്ട് മൃതദേഹം കാണാനെത്തിയവരും വിങ്ങിപ്പൊട്ടി. വീട്ടിലെ പ്രാര്‍ത്ഥനകള്‍ക്കും ചടങ്ങുകള്‍ ക്കും ശേഷം മൃതദേഹം ആന്റണിയുടെ സഹോദരി നിവ്യയുടെ വീട്ടിലേക്ക് കൊണ്ടു പോയി. അവിടെ വീടിന്റെ വിശാലമായ മുറ്റത്ത് തയ്യാറാക്കിയ വലിയ പന്തലില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. കെ.വി തോമസ് എംപി, അനൂപ് ജേക്കബ് എം എല്‍ എ, വി.പി സജീന്ദ്രന്‍ എം.എല്‍.എ, ബിഷപ്പുമാര്‍, വൈദീകര്‍, സിസ്റ്റേഴ്‌സ്, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, എക്‌സ് സര്‍വീസുകാര്‍ തുടങ്ങി നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള സ്ഥലത്തെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. രണ്ടരയോടെ ടൂറിസം സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ സംസ്ഥാനത്തിനു വേണ്ടി ആദരാഞ്ജലിയര്‍പ്പിക്കുകയും റീത്ത് വയ്ക്കുകയും ചെയ്തു. ശേഷം ആന്റണിയുടെ ഭാര്യ അന്നഡയാന, ഏക മകന്‍ എയ്ഡന്‍, അമ്മ ഷീല എന്നിവരെ കാണുകയും പൊട്ടിക്കരഞ്ഞ ഇവരെ മന്ത്രി സ്വാന്ത്വനിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് നേവിയുടെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ബഹുമാനിച്ചു. എംപറര്‍ ഇമ്മാനുവല്‍ സഭക്കാരുടെ മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം വൈകുന്നേരം നാല് മണിയോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള അലങ്കരിച്ച വാഹനം ഇരിങ്ങാലക്കുട മുരിയാട് എംപറര്‍ ഇമ്മാനുവല്‍ സഭാ പള്ളിയിലേക്ക് പോയി. അഞ്ചരയോടെ ഇവിടുത്തെ പ്രാര്‍ത്ഥന ശുശ്രൂകള്‍ക്ക് ശേഷം സൈനീക ബഹുമതി നല്‍കി സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."