ജലീല്‍ രാജിവയ്ക്കുക; അല്ലെങ്കില്‍ പുറത്താക്കുക: രമേശ് ചെന്നിത്തല
തിരുവനന്തപുരം: അല്പമെങ്കിലും നീതിബോധം ജലീലിനുണ്ടെങ്കില്‍ അദ്ദേഹം രാജിവയ്ക്കണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങണമെന്നും രമേശ് ചെന്നിത്തല. ബന്ധുവിന് വഴിവിട്ട രീതിയില്‍ നിയമനം നല്‍കുന്നതിനായി മന്ത്രി കെ.ടി ജലീല്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പുറത്തുവന്നതോടെ മന്ത്രി സ്ഥാനത്ത് തുടരുന്നതിന് അദ്ദേഹത്തിന് അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ തന്റെ ബന്ധുവിനെ നിയമിക്കുന്നതിനായി യോഗ്യതയില്‍ മാറ്റംവരുത്തുന്നതിന് മന്ത്രി നേരിട്ട് നിര്‍ദേശം നല്‍കിയതിന്റെ തെളിവുകളാണ് പുറത്തുവന്നിട്ടുള്ളത്. മന്ത്രിസഭാ യോഗത്തിന് വയ്ക്കണമെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം മന്ത്രി തള്ളുകയും ചെയ്തു.
ഇതുസംബന്ധിച്ച് യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് പുറത്തുവിട്ട രേഖകള്‍ ആധികാരികമാണ്.
വ്യക്തമായ സ്വജനപക്ഷപാതത്തിനും സത്യപ്രതിജ്ഞാ ലംഘനത്തിനും ഇതിനപ്പുറം എന്തുതെളിവാണ് ഇനി ആവശ്യമുള്ളത്.
അദ്ദേഹം ഇനിയും മന്ത്രിസഥാനത്ത് തുടരുന്നത് ജനങ്ങളോടും നീതിന്യായ വ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."