മരട്: പൊളിക്കുന്നതിനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചു
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുന്നതിന് മുന്നോടിയായി പ്രാരംഭജോലികള്‍ ആരംഭിച്ചു. ഫ്‌ളാറ്റുകളുടെ ബലപരിശോധനയും ജനാലകളും വാതിലുകളും നീക്കംചെയ്യുന്ന ജോലികളുമാണ് ഇന്നലെ നടന്നത്. ആദ്യം പൊളിച്ചുമാറ്റുന്ന ആല്‍ഫ വേഞ്ച്വേഴ്‌സിന്റെ ഇരട്ട സമുച്ചയത്തിലാണ് ഇന്നലെ പ്രാരംഭജോലികള്‍ ആരംഭിച്ചത്.
ഇവിടെ പൊളിച്ചുമാറ്റാന്‍ കരാറെടുത്തിരിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള വിജയ സ്റ്റീല്‍സിലെ അന്‍പതോളം തൊഴിലാളികളാണ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതേസമയം കമ്പനികളുമായി കരാര്‍ ഒപ്പുവയ്ക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. 25ന് കോടതിയെ പൊളിക്കല്‍ നടപടിയുടെ പുരോഗതി അറിയിക്കേണ്ടതിനാല്‍ രണ്ടുദിവസത്തിനുള്ളില്‍ കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് സൂചന.
അതേസമയം, ഫ്‌ളാറ്റുകളുടെ ഉടമകള്‍ക്കുള്ള നഷ്ടപരിഹാരത്തുക രണ്ടു ദിവസത്തിനകം വിതരണം ചെയ്യും. ലഭ്യമായ അപേക്ഷകള്‍ പരിശോധിച്ചതില്‍ 107 പേര്‍ക്കുള്ള നഷ്ടപരിഹാരത്തുക നല്‍കാന്‍ തീരുമാനിച്ചതായി നഗരസഭ സെക്രട്ടറിയുടെ അധിക ചുമതലയുള്ള സബ് കലക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പതിമൂന്നു പേര്‍ക്കാണ് 25 ലക്ഷം രൂപ വീതം ലഭിക്കുക. 241 അപേക്ഷകളാണ് നഷ്ടപരിഹാരം നിര്‍ണയിക്കുന്ന സമിതി മുന്‍പാകെ വന്നത്. ഇതില്‍ അഞ്ച് അപേക്ഷകള്‍ ഇനിയും തീര്‍പ്പാകാനുണ്ട്. 200രൂപയുടെ മുദ്രപത്രം ഉള്‍പ്പെടെ കൃത്യമായ വിവരങ്ങള്‍ നഗരസഭയ്ക്ക് കൈമാറുന്നവര്‍ക്ക് രണ്ടുദിവസത്തിനുള്ളില്‍ അക്കൗണ്ടില്‍ നഷ്ടപരിഹാരത്തുക ലഭ്യമാകുമെന്നും സബ്കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ഫ്‌ളാറ്റ് നിര്‍മിക്കാന്‍ അനുമതി നല്‍കിയ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറി അടക്കം മൂന്ന് പേരെയും മൂന്ന് ദിവസത്തേയ്ക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. കഴിഞ്ഞ ചൊവ്വാഴ്ച അറസ്റ്റ്‌ചെയ്ത ഇവരെ 19 വരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇന്നലെ ഇവരുടെ ജാമ്യാപേക്ഷയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മൂന്ന് ദിവസത്തേയ്ക്ക് ഇവരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്. 22ന് വൈകിട്ട് മൂന്നിന് ഇവരെ വീണ്ടും വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."