മതചിഹ്നങ്ങള്‍ പ്രചാരണത്തിനുപയോഗിച്ചെന്ന്, കെ.സുരേന്ദ്രന്‍ കുരുക്കില്‍: പരാതിയുമായി എല്‍.ഡി.എഫും യു.ഡി.എഫും, നിഷേധിച്ച് സുരേന്ദ്രന്‍
പത്തനംതിട്ട: കോന്നിയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ മതചിഹ്നങ്ങള്‍ പ്രചാരണത്തിനുപയോഗിച്ചെന്ന് പരാതി. യു.ഡി.എഫും, എല്‍.ഡി.എഫുമാണ് ഒരേ സമയം പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ പരാജയഭീതി പൂണ്ട സി.പി.എമ്മും യു.ഡി.എഫും ആണ് ഈ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും തിരുമേനിയുടെയും എന്റെയും പടം വച്ച് വീഡിയോ ഇറക്കിയിരിക്കുന്നത് തങ്ങളല്ലെന്നുമാണ് കെ.സുരേന്ദ്രന്‍ നല്‍കുന്ന വിശദീകരണം. തെരഞ്ഞെടുപ്പ് ചട്ടങ്ങളറിയാവുന്ന ആരും അത് വിശ്വസിക്കില്ല. ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെയും എന്റെയും പടങ്ങള്‍ വച്ച് വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനും പൊലിസിനും ബി.ജെ.പിയും പരാതി നല്‍കിയിട്ടുണ്ട്. പ്രചാരണഗാനം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. പരാതികള്‍ പരിശോധിച്ച് വരികയാണെന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു.
എന്‍.ഡി.എ പ്രചാരണ ഗാനത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ചിത്രവും കെ.സുരേന്ദ്രന്റെ ചിത്രവും ചേര്‍ത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും പരാതി. പെരുമാറ്റച്ചട്ട ലംഘനം നടത്തിയ എന്‍.ഡി.എ സ്ഥാനാര്‍ഥിക്കെതിരെ നടപടി വേണമെന്നും ഇരുമുന്നണികളും ആവശ്യപ്പെടുന്നു. ജില്ലാ കലക്ടര്‍ക്ക് ഇതു സംബന്ധിച്ച പരാതി ഓണ്‍ലൈന്‍ ആയി നല്‍കിയെന്ന് നേതാക്കള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."