ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി രാജിവച്ചു
ടെല്‍ അവീവ്: ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ഇസ്‌റാഈല്‍ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിരോധ മന്ത്രി അവിദ്‌ഗോര്‍ ലൈബര്‍മാന്‍ രാജിവച്ചു. തീവ്രവാദികള്‍ക്ക് കീഴടങ്ങുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വ്യത്യസ്ത അഭിപ്രായത്തിനിടയിലും സര്‍ക്കാരുമായി സഹകരിക്കാന്‍ തയാറായി. എന്നാല്‍, ഇനി ഇതു സാധ്യമല്ല. ഹമാസുമായും മറ്റു തീവ്രവാദ സംഘടനകളുമായും വെടിനിര്‍ത്തലിനു സര്‍ക്കാര്‍ അംഗീകാരം നല്‍കിയത് ഗുരുതര തെറ്റാണെന്നു പറഞ്ഞ അദ്ദേഹം, ഭരണകക്ഷിയില്‍നിന്നു തന്റെ പാര്‍ട്ടിയായ ഇസ്‌റാഈല്‍ ബെയ്‌തെനു പിന്‍വാങ്ങുകയാണെന്നും പ്രഖ്യാപിച്ചു. രാജ്യത്ത് ഉടന്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബെന്‍യാമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിന് 120 അംഗ പാര്‍ലമെന്റില്‍ 61 പേരുടെ ഭൂരിപക്ഷമാണുള്ളത്. ലൈബര്‍മാന്റെ രാജിയോടെ മറ്റു പാര്‍ട്ടികള്‍ സര്‍ക്കാരിനെ പിന്തുണച്ചില്ലെങ്കില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. അതേസമയം, വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനെതിരേ ഇസ്‌റാഈലില്‍ വന്‍ പ്രതിഷേധം ആരംഭിച്ചു. പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിച്ചു. എന്നാല്‍, വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു ന്യായീകരിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ഇത്തരം തീരുമാനങ്ങളെടുക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്‌റാഈല്‍ സൈന്യത്തിന്റെ രഹസ്യ ഓപറേഷനോടെയാണ് ഗസ്സയില്‍ സംഘര്‍ഷം ആരംഭിച്ചിരുന്നത്. ഏഴു ഫലസ്തീനികള്‍ കൊല്ലപ്പെട്ടതോടെ ഇസ്‌റാഈല്‍ ഗ്രാമങ്ങളിലേക്ക് 450 റോക്കറ്റാക്രമണങ്ങള്‍ നടത്തിയാണ് ഹമാസ് തിരിച്ചടിച്ചിരുന്നത്. തുടര്‍ന്നുണ്ടായ വ്യോമാക്രമണത്തില്‍ ആറു ഫലസ്തീനികളും ഇസ്‌റാഈല്‍ പൗരനും കൊല്ലപ്പെട്ടിരുന്നു. ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തലിനു ധാരണയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."