ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം: വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം: കന്യാസ്ത്രീയുടെ പരാതിയില്‍ ജയിലിലായശേഷം പുറത്തിറങ്ങിയ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ്.അച്യുതാനന്ദന് ആവശ്യപ്പെട്ടു. സേവ് സിസ്റ്റേഴ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധര്‍ രൂപതയില്‍ ശക്തമായ സ്വാധീനമുണ്ട്. ഇദ്ദേഹത്തിനെതിരേ പരസ്യമായി പരാതി ഉന്നയിച്ച കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി അവര്‍തന്നെ പറഞ്ഞിട്ടുണ്ട്. ലാപ്ടോപ്പ് ഹാജരാക്കാന്‍ പൊലിസ് ആവശ്യപ്പെട്ടിട്ടും ഇതുവരെ ഹാജരാക്കാന്‍ ഫ്രാങ്കോ മുളയ്ക്കല്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യത്തില്‍ കഴിഞ്ഞാല്‍ കേസിലെ തെളിവുകള്‍ നശിപ്പിക്കപ്പെടാനും സാക്ഷികള്‍ സ്വാധീനിക്കപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോണമെന്ന് വി.എസ്. പറഞ്ഞു. ഫാ.കുര്യാക്കോസ് കാട്ടുതറയെ രൂപതയുടെ പ്രധാന ചുമതലകളില്‍നിന്നെല്ലാം ഒഴിവാക്കി മൂലയ്ക്കിരുത്തിയത് ഫ്രാങ്കോയാണ്. ഫാ.കാട്ടുതറയുടെ ദുരൂഹമരണം ഗൗരവമേറിയതാണ്. ഫാ.കാട്ടുതറയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും വി.എസ്. ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."