എറണാകുളത്ത് ഒന്നരലക്ഷം വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക്
കൊച്ചി: എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ 1,55,386 വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. 76,184 പുരുഷന്മാരും 79,199 സ്ത്രീകളും മൂന്ന് ട്രാന്‍സ്‌ജെന്‍ഡറുകളുമാണ് വോട്ടര്‍മാരായുള്ളത്.
എറണാകുളം നിയോജക മണ്ഡലത്തില്‍ പ്രശ്‌നബാധിത ബൂത്തുകളോ പ്രശ്‌നസാധ്യതാ ബൂത്തുകളോ ഇല്ല. 16 ബൂത്തുകള്‍ തത്സമയം വെബ്കാമറിയിലൂടെ നിരീക്ഷിക്കും. ആറ് സ്വതന്ത്രരടക്കം ഒന്‍പത് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
കൊച്ചി നഗരസഭയിലും ചേരാനെല്ലൂരിലുമായി 53 പോളിങ് ലൊക്കേഷനുകളിലായി 135 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. 271 വോട്ടര്‍മാരുള്ള കുറുങ്കോട്ട അങ്കണവാടിയിലാണ് ഏറ്റവും കുറവ് വോട്ടര്‍മാര്‍. എളമക്കര ഐ.ജി.എം പബ്ലിക് സ്‌കൂളിലെ ബൂത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 1,474 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. എറണാകുളം സെയിന്റ് തെരേസാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 86ാം ബൂത്ത് അടക്കം അഞ്ച് മാതൃകാ പോളിങ് സ്‌റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. എസ്.ആര്‍.വി എല്‍.പി സ്‌കൂള്‍ പൂര്‍ണമായും വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന പോളിങ് സ്‌റ്റേഷനായിരിക്കും.
ഇന്നലെ രാവിലെ 7.30 മുതല്‍ വരണാധികാരിയുടെ നേതൃത്വത്തില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വിവിധ സാധന സാമഗ്രികള്‍ വിതരണം ചെയ്തു.
പുലര്‍ച്ചെ 5.30ന് ആരംഭിക്കുന്ന മോക്ക് പോളിങ്ങില്‍ ഓരോ യന്ത്രത്തിലും 50 വോട്ട് വീതമാണ് ചെയ്യുന്നത്. ഇത് എണ്ണി തിട്ടപ്പെടുത്തി സീല്‍ ചെയ്ത് മാറ്റും. മുഴുവന്‍ സ്ഥാനാര്‍ഥികളുടേയും ഏജന്റുമാരുടെ സാനിധ്യത്തിലാണ് മോക്ക് പോളിങ് നടത്തുക. തുടര്‍ന്ന് ഏഴിനുതന്നെ വോട്ടെടുപ്പ് ആരംഭിക്കും.24ന് രാവിലെ എട്ട് മുതല്‍ മഹാരാജാസ് കോളജിലാണ് വോട്ടെണ്ണല്‍ നടക്കുക. 20 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരെയും 20 കൗണ്ടിങ് അസിസ്റ്റന്റുമാരെയും 20 മൈക്രോ ഒബ്‌സര്‍വര്‍മാരെയുമാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്. ഇവര്‍ക്കുള്ള പരിശീലനം നാളെ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."