മലയാളി വീട്ടമ്മയുടെയും മകന്റെയും മരണം: ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വീട്ടമ്മയെയും മകനെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മരിച്ച ലിസിയുടെ മുറിയില്‍ നിന്നാണ് അവര്‍ എഴുതിയതെന്നു കരുതുന്ന ആത്മഹത്യാകുറിപ്പ് കണ്ടെത്തിയത്. ലിസിയുടെ രണ്ടാം ഭര്‍ത്താവിന്റെ മരണം പരാമര്‍ശിക്കുന്ന കുറിപ്പില്‍, അതേകുറിച്ച് ഭര്‍ത്തൃവീട്ടുകാര്‍ തന്നെ നിരന്തരം വേട്ടയാടിയിരുന്നതായി സൂചിപ്പിക്കുന്നുണ്ട്. കോട്ടയം പാമ്പാടി സ്വദേശി ലിസി (62), ഡല്‍ഹി സെന്റ് സ്റ്റീഫന്‍ കോളജിലെ ഗസ്റ്റ് ലക്ചററായ മകന്‍ അലന്‍ സ്റ്റാന്‍ലി (27) എന്നിവരെ കഴിഞ്ഞദിവസമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പീതംപുരയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ചനിലയിലാണ് ലിസിയെ കണ്ടെത്തിയത്. പാമ്പാടി വെള്ളൂര്‍ കൂട്ടുങ്കല്‍ കുടുംബാംഗമാണു ലിസി. അലന്റെ മൃതദേഹം അഞ്ചുകിലോമീറ്റര്‍ അകലെയുള്ള സാരായ് റോഹില റെയില്‍പാളത്തിലും കണ്ടെത്തുകയായിരുന്നു.
ഡല്‍ഹി ഐ.ഐ.ടിയില്‍ തത്വശാസ്ത്രത്തില്‍ ഗവേഷണം നടത്തിയിരുന്ന അലന്‍ കഴിഞ്ഞ വര്‍ഷമാണ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. ഇതേതുടര്‍ന്ന് രണ്ടുമാസം മുന്‍പാണ് ലിസി ഡല്‍ഹിയിലെ പീതംപുരയില്‍ താമസമാക്കിയത്. റിട്ട. സൈനിക ഉദ്യോഗസ്ഥനായ ആദ്യ ഭര്‍ത്താവ് പാമ്പാടി വെള്ളൂര്‍ സ്റ്റാന്‍ലി 2014ല്‍ മരിച്ചിരുന്നു. ലിസിക്ക് ഈ ബന്ധത്തില്‍ അലനു പുറമേ ഒരു മകന്‍ കൂടിയുണ്ട്. ആദ്യ ഭര്‍ത്താവിന്റെ മരണശേഷം ലിസി 2017ല്‍ തൊടുപുഴ നെയ്യശ്ശേരി കുളങ്ങരത്തൊട്ടിയില്‍ ജോണ്‍ വില്‍സനെ വിവാഹം കഴിച്ചു. ഖത്തറില്‍ ഉദ്യോഗസ്ഥനായിരുന്ന ജോണിന്റെ ആദ്യ ഭാര്യ വല്‍സമ്മ 11 വര്‍ഷം മുന്‍പ് മരിച്ചിരുന്നു. ലിസിയുമായുള്ള വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷമായപ്പോഴേക്കും കഴിഞ്ഞ ഡിസംബര്‍ 31ന് ജോണിനെ (65) മരിച്ചനിലയിലും കണ്ടെത്തി.
ഈ സംഭവത്തില്‍ ലിസിക്കും അലനുമെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ആരോപിച്ച് ജോണിന് ആദ്യ ഭാര്യയിലുണ്ടായ മക്കള്‍ നല്‍കിയ പരാതിയില്‍ ഇരുവര്‍ക്കുമെതിരേ കേസുണ്ട്. കേസ് റദ്ദാക്കാന്‍ ലിസിയും അലനും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളുകയും കേസില്‍ സമഗ്ര അന്വേഷണത്തിന് ഓഗസ്റ്റില്‍ ഹൈക്കോടതി ഉത്തരവിടുകയുംചെയ്തു. ഈ കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു ലിസിയും അലനും.
ഒന്നരവര്‍ഷത്തെ ദാമ്പത്യത്തിനിടെ രണ്ടുകോടിയിലേറെ രൂപയും സ്വത്തുക്കളും ലിസി കൈവശപ്പെടുത്തിയെന്നും കൂടുതല്‍ സ്വത്തിനായി നിര്‍ബന്ധിച്ചതാണ് ജോണിന്റെ മരണത്തിനു കാരണമെന്നുമാണ് മക്കളുടെ പരാതി. ഈ കേസില്‍ രണ്ടാഴ്ച മുന്‍പ് അന്വേഷണം തുടങ്ങിയിരിക്കെയാണ് കൂടത്തായി കൂട്ടക്കൊലക്കേസ് സംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞത്. ഇതോടെ ചില ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളില്‍ കൂടത്തായി സംഭവത്തിലെ മുഖ്യപ്രതി ജോളിജോസഫുമായി ലിസിയെ താരതമ്യംചെയ്ത് വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് അവരും മകനും ജീവനൊടുക്കിയത്.
ജോണിന്റെ മരണത്തില്‍ പങ്കില്ലെന്നും മരണത്തിന് പിന്നാലെ ബന്ധുക്കള്‍ വേട്ടയാടുകയാണെന്നും ലിസിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. ജോണിന്റെ മരണത്തിന് പിന്നാലെ ബന്ധുക്കളില്‍ ചിലര്‍ വേട്ടയാടുകയാണ്. കള്ളക്കേസ് നല്‍കുകയും തനിക്കെതിരെ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്‌തെന്നും പന്ത്രണ്ടിലേറെപ്പേര്‍ മരണത്തിന് ഉത്തരവാദികളാണെന്നും കുറിപ്പിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകരുതെന്നും ആത്മഹത്യാക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
വായില്‍ തുണിതിരുകിയ നിലയിലാണ് ലിസിയുടെ മൃതദേഹം കിടക്കുന്നത്. അഞ്ചുദിവസം മുന്‍പ് അലന്‍ മാതാവിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചിരുന്നുവെന്നും ഇതിന് സമ്മതിക്കാതെ വന്നതോടെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."