മസ്ജിദുകള്‍ സ്‌നേഹത്തിന്റെ ഉറവിടം: സ്വാദിഖലി ശിഹാബ് തങ്ങള്‍
നായ്ക്കട്ടി: മസ്ജിദുകള്‍ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ഉറവിടമാണെന്ന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നായ്ക്കട്ടിയില്‍ പുതുതായി നിര്‍മിച്ച അബൂബക്കര്‍ സിദ്ദീഖ് ജുമാമസ്ജിദില്‍ നിസ്‌ക്കാരത്തിനു നേതൃത്വം നല്‍കിയതിനു ശേഷം സംസാരിക്കുകയായിരുന്നു തങ്ങള്‍.
ഓരോ വിശ്വാസിയും അതുള്‍ക്കൊള്ളാനാണ് പള്ളികളിലേക്ക് എത്തുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന സന്ദേശമാണ് പള്ളികള്‍ നല്‍കുന്നത്. മാനവ സംസ്‌ക്കാരത്തിന്റെ ഉറവിടമായ പള്ളികള്‍ നിര്‍മിക്കുക എന്നത് മുസല്‍മാന്റെ കടമയാണ്. ആധുനികതയെ ഇഷ്ടപെടുന്ന മതമാണ് ഇസ്‌ലാമെന്നും ഓരോ ചലനവും വീക്ഷിച്ചാല്‍ അതുമനസിലാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. ആലികുട്ടി മുസ്‌ലിയാര്‍ ഉല്‍ബോധന പ്രസംഗം നടത്തി. സമസ്ത ജില്ലാപ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം പി.കെ കുഞ്ഞാലികുട്ടി എം.പി ഉദ്ഘാടനം ചെയ്തു. മസ്ജിദ് നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ ടി. മുഹമ്മദ് അധ്യക്ഷനായി. സ്വാദിഖലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
സമസ്ത മുശാവറ അംഗം വി. മൂസക്കോയ മുസ്‌ലിയാര്‍, കെ.എം ഷാജി എം.എല്‍.എ, ബത്തേരി രൂപത അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ്, കെ.കെ അബ്രഹാം, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശോഭന്‍ കുമാര്‍, ബെന്നി കൈനിക്കല്‍, എം.എം മുഹമ്മദ് ജമാല്‍, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, പി.പി.എ കരിം, കെ.കെ അഹമ്മദ് ഹാജി, പിണങ്ങോട് അബൂബക്കര്‍, ഹസന്‍ മുസ്‌ലിയാര്‍, മാലിക് ഷഹബാസ്, ഇബ്രാഹിം ഫൈസി പേരാല്‍, കെ.സി സുരേന്ദന്രന്‍ ആവേത്താന്‍ തുടങ്ങി മതസാംസ്‌കാരിക സാമൂഹിക രംഗത്തുള്ളവര്‍ സംസാരിച്ചു.
ചടങ്ങില്‍ മസ്ജിദ് നിര്‍മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി. അവറാന്‍ സ്വാഗതവും ജോയിന്‍ കണ്‍വീനര്‍ എന്‍.എ ഉസ്മാന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ സുവനീര്‍ പ്രകാശനവും സ്‌നേഹോപഹാര സമര്‍പ്പണവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."