അംബേദ്കര്‍ കോളനി നിവാസികളോടൊപ്പം കേരള സമൂഹം ഒറ്റക്കെട്ടായി അണിനിരക്കും: മന്ത്രി ജി.സുധാകരന്‍
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലെ ഗോവിന്ദപുരം അംബേദ്ക്കര്‍ കോളനി നിവാസികള്‍ക്കെതിരേയുള്ള അയിത്താചരണം അവസാനിപ്പിക്കാന്‍ കേരള സമൂഹം ഒറ്റക്കെട്ടായി നിലയുറപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
കേരള കാമരാജ് കോണ്‍ഗ്രസ് സംഘടിപ്പിച്ച സമപന്തിഭോജനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരുനൂറ്റാണ്ടിന് മുമ്പേ വൈകുണ്ഠസ്വാമിയും ഗാന്ധിയും അംബേദ്ക്കറുമൊക്കെ അയിത്തത്തിനെതിരേ പോരാടി വിജയം വരിച്ചതാണ്. എന്നാല്‍ ഗോവിന്ദപുരം കോളനിയില്‍ നിന്നുടലെടുക്കുന്ന സംഭവങ്ങള്‍ വളരെ അസ്വസ്തത ഉണ്ടാകുന്നതാണ്.
ജാതി വിവേചനങ്ങളും അയിത്തവും ഭരണഘടന നിരോധിച്ചിട്ടുള്ളതാണ്. അംബേദ്ക്കറുടെ പേരിലുള്ള കോളനിയില്‍ ഇനിയും അതുമായി വന്ന് ആരെയും കബളിപ്പിച്ച് നിറുത്താന്‍ കഴിയില്ല. കര്‍ശനമായ നിയമ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
താന്‍ ധനമന്ത്രിയായിരിക്കുമ്പോള്‍ 26 കൊല്ലം മുമ്പ് കോളനിയില്‍ പരിപാടി ഉദ്ഘാടനം ചെയ്ത് ഓര്‍മ പങ്കുവെച്ച് കൊണ്ടാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസംഗം ആരംഭിച്ചത്. പുതിയ സംഭവവികാസങ്ങള്‍ അറിഞ്ഞപ്പോള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു.
ഭരണഘടന അതിന് ആരെയും അനുവദിക്കില്ല. എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാക്കണം. ആരെങ്കിലും ഇതിനെതിരാണെങ്കില്‍ മറുപടി പറയേണ്ടതായി വരുമെന്ന് ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പ് നല്‍കി. 1836ല്‍ സമത്വസമാജം രൂപീകരിച്ച് അയിത്തത്തിനെതിരേ സമപന്തിഭോജനം നടത്തി ചരിത്രം കുറിച്ച വൈകുണ്ഠ സ്വാമികളുടെ പരിശ്രമങ്ങള്‍ക്ക് വിജയം കണ്ട കേരളത്തില്‍ രണ്ടാം സമപന്തിഭോജനം നടത്തി അംബേദ്ക്കര്‍ കോളനി നിവാസികളുടെ അയിത്തം അവസാനിപ്പിക്കുക എന്നതാണ് ഇന്നത്തെ സമപന്തിഭോജനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കേരള കാമരാജ് കോണ്‍ഗ്രസ് പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, ഐ. ബി.സതീഷ് കുമാര്‍ എം എല്‍ എ, കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളായ എസ് കുട്ടപ്പന്‍ ചെട്ടിയാര്‍, പി.രാമഭദ്രന്‍, അഡ്വ. പയ്യന്നൂര്‍ ഷാജി, കെ.ദാസ്, വി.വി.കരുണാകരന്‍, പി.പി.നാരായണന്‍, ജഗതി രാജന്‍, ശ്യാംലൈജു, ജിമ്മിരാജ്, സനല്‍കുമാര്‍, ജോസ് മഠത്തിക്കോണം, ചക്കിലിയ നേതാക്കളായ ശിവരാജന്‍, കണ്ണപ്പന്‍, ശിവ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."