കിഴക്കേകോട്ട വികസനം: പുനരധിവാസ നടപടികള്‍ ഉടന്‍
പേരൂര്‍ക്കട: കിഴക്കേകോട്ടയുടെ സമഗ്രവികസനവുമായി ബന്ധപ്പെട്ട് പുനരധിമവാസ നടപടികള്‍ ഉടന്‍ ആരംഭിക്കും.വ്യാപാരികളുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജില്ലാഭരണകൂടം വ്യക്തമായ ചര്‍ച്ച നടത്തിയായിരിക്കും തീരുമാനം എടുക്കുക. മന്ത്രിസഭായോഗത്തിന്റെ മിനിറ്റ്സ് പുറത്തുവന്നാലുടന് വ്യാപാരികളുമായി ചര്‍ച്ച നടത്തും.
മിനിറ്റ്സ് ജില്ലാഭരണകൂടം തയ്യാറാക്കി ഉടന്‍ തന്നെ റവന്യൂ വകുപ്പിനെ ഏല്‍പ്പിക്കും.പുനരധിവാസ പാക്കേജ് സംബന്ധിച്ച് വ്യക്തമായ ചര്‍ച്ച നടത്തണമെന്ന് മന്ത്രിമാര്‍ നിര്‍ദേശിച്ച സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം വ്യാപാരികളുടെ പട്ടിക തയ്യാറാക്കി തുടങ്ങി.
കിഴക്കേകോട്ടയില്‍ പുനരധിവസിപ്പിക്കുന്ന വ്യാപാരികള്‍ കെ.എസ്.ആര്.ടി.സിയുമായി വാടകക്കരാറില്‍ ഏര്‍പ്പെടണം. ഇവരെ പിന്നീട് ദീര്‍ഘകാല പദ്ധതിപ്രകാരം നിര്‍മ്മിക്കുന്ന ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സിലേക്ക് മാറ്റി പുനരധിവസിപ്പിക്കും.കുത്തകപാട്ടം റദ്ദാക്കപ്പെട്ട വ്യാപാരികളെ ബസ് ബേയ്ക്ക് എതിര്‍വശമുള്ള കെ.എസ്.ആര്.ടി.സിയുടെ വസ്തുവിലേക്ക് മാറ്റി താല്കാലികമായി പുനരധിവസിപ്പിക്കാനാണ് മന്ത്രിതല യോഗത്തില്‍ തീരുമാനമായത്. നേരത്തെ കുത്തകപ്പാട്ടം ഉണ്ടായിരുന്ന 16 വ്യാപാരികള്‍ക്കാണ് 80 സ്ക്വയര്‍ ഫീറ്റ് വീതമുള്ള കടകള്‍ താല്കാലികമായി അനുവദിക്കുക. കൂടാതെ, നിലവില്‍ കെ.എസ്.ആര്.ടി.സിയുമായി കരാറുള്ള ആറ് വ്യാപാരികളെയും പുതിയ സ്ഥലത്ത് ഇതുപോലെ പുനരധിവസിപ്പിക്കും. നിലവിലെ സാഹചര്യത്തില്‍ രണ്ടാഴ്ചയ്ക്കകം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകുമെന്ന് കരുതുന്നതായി ജില്ലാകലക്ടര്‍ ബിജുപ്രഭാകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."