ബഹ്‌റൈനില്‍ കണ്ടെത്തിയ ബാലന്‍ 'അനാഥനെ'ന്ന് വെളിപ്പെടുത്തല്‍
മനാമ: ബഹ്‌റൈനിലെ മനാമ സൂഖില്‍ നിന്നും ഒരാഴ്ച മുന്പ് കണ്ടെത്തിയ ബാലനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. കുട്ടിയുടെ സംരക്ഷക എന്നവകാശപ്പെട്ട് കഴിഞ്ഞ ദിവസം പൊലിസില്‍ കീഴടങ്ങിയ യുവതിയില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്.
അതേ സമയം കുട്ടിയുടെ യഥാര്‍ത്ഥ രക്ഷിതാക്കളെ കുറിച്ച് ഇപ്പോഴും വ്യക്തമായ വിവരമൊന്നുമില്ല.
പൊലിസില്‍ കീഴടങ്ങിയ യുവതിയുടെ മൊഴി അനുസരിച്ച്, ഒരു ഇന്തോനേഷ്യന്‍ സ്ത്രീയാണ് കുട്ടിയുടെ മാതാവ്. പിതാവ് ഒരു ബംഗ്ലാദേശിയുമാണ്. ഇവര്‍ രണ്ടുപേരും ഇപ്പോള്‍ ബഹ്‌റൈനിലില്ല. കുട്ടിയുടെ മാതാപിതാക്കള്‍ മരണപ്പെട്ടതായോ വളരെ മുന്‌പെ രാജ്യം വിട്ടു പോയതായോ സംശയമുണ്ട്. ഇതേ തുടര്‍ന്ന് ഒറ്റപ്പെട്ട നിലയിലുള്ള കുട്ടിയെ താന്‍ ഏറ്റെടുത്ത് വളര്‍ത്തുകയായിരുന്നുവെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
ഇതിനിടെ, അനാഥയായ ഒരു കുട്ടിയെ കൂടെ താമസിപ്പിച്ചു വളര്‍ത്തുന്നതില്‍ തന്റെ ജീവിത പങ്കാളിക്ക് താല്‍പര്യമില്ലാതായതോടെയാണ് കഴിഞ്ഞ ആഴ്ച കുട്ടിയെ ഉപേക്ഷിച്ചതെന്നും കുട്ടിയെ ഉപേക്ഷിക്കാന്‍ തന്നെ സുഹൃത്ത് സഹായിച്ചിരുന്നുവെന്നും യുവതിയുടെ മൊഴിയുണ്ട്.
കുട്ടിയുമായി നേരിട്ടെത്തി പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാനായിരുന്നു തന്റെ ആഗ്രഹം. എന്നാല്‍ സുഹൃത്ത് അതിനു തയ്യാറായില്ല.
തുടര്‍ന്നു മനാമ സൂഖിലെ പൊലിസ് ചെക്കു പോയിന്റിനു സമീപം കുട്ടിയെ ഉപേക്ഷിച്ചു മടങ്ങുകയായിരുന്നുവെന്നാണ് ഇവര്‍ പൊലിസിനോട് പറഞ്ഞത്.
എന്നാല്‍ യുവതിയുടെ മൊഴി പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കാന്‍ പൊലിസ് തയ്യാറായിട്ടില്ല. തുടരന്വേഷണത്തിനായി ഇവരെ പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയിരിക്കുകയാണെന്ന് അഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ സീഫിലെ ബറ്റെല്‍കൊ കെയര്‍ സെന്ററിലുള്ള കുട്ടിയെ ദത്തെടുക്കാനുള്ള സാധ്യതകള്‍ അന്വേഷിച്ച് സ്വദേശികളും വിദേശികളുമായി നിരവധി പേരാണ് ചൈല്‍ഡ് കെയര്‍ സെന്റര്‍ അധികൃതരെ സമീപിച്ചു കൊണ്ടിരിക്കുന്നതെന്നും സെന്‍ര്‍ ഭാരവാഹികളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇവിടെ മറ്റ് കുട്ടികളോടൊപ്പം കുട്ടി കളിക്കുന്നുണ്ടെന്നും അവന്‍ ഏറെ സന്തോഷവാനാണെന്നും ഇപ്പോള്‍ അറബിക്, ഇംഗ്ലിഷ് വാക്കുകള്‍ കൂടി അവന്‍ സംസാരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."