സേവനമേഖലയില്‍ മാതൃകയായി നീലപ്പട
കാട്ടാക്കട: ഒരു ഗ്രാമത്തിന്റെ തന്നെ സര്‍വ രംഗങ്ങളിലും മാറ്റത്തിന്റെ വേറിട്ട മാതൃക സൃഷ്ടിക്കുകയാണ് നീലപ്പട. ആരോഗ്യ, ശുചീകരണം ഉള്‍പ്പെടെയുള്ള സേവനമേഖലയില്‍ വിപ്ലവകരമായ പ്രവര്‍ത്തനം കാഴ്ചവച്ച് മുന്നേറുന്ന നീലപ്പടയ്ക്ക് 12 വര്‍ഷം തികയുന്ന സന്ദര്‍ഭത്തില്‍ അത് കേരളമാകെ വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാരും. കുന്നത്തുകാല്‍ പഞ്ചായത്തിലാണ് അശരണര്‍ക്കു സാന്ത്വനത്തിന്റെ സ്പര്‍ശവുമായി മാറുകയാണ് നീലപ്പടയെന്ന ഈ വനിതാ കൂട്ടായ്മ. ഇപ്പോള്‍ പഞ്ചായത്തിന്റെ മുക്കിലും മൂലയിലും ഇവര്‍ സേവനപാത തുറക്കുകയാണ്. നിലവില്‍ നീലപ്പടയുടെ സേവനം ലഭിക്കാത്ത ഒരു വീടുപോലും ഈ പഞ്ചായത്തില്‍ ഇല്ല. പഞ്ചായത്തിലെ 40000 ലധികം വരുന്ന ജനസംഖ്യയുടെയും ആരോഗ്യപരിപാലനത്തിന്റെ അടിസ്ഥാന കണ്ണിയായി പ്രവര്‍ത്തിക്കുകയാണ് ഈ വനിതാ കൂട്ടായ്മ. 2006ല്‍ പ്രസിഡന്റ് ബാലകൃഷ്ണപിള്ളയുടെ കീഴിലുള്ള ഭരണസമിതിയുടെയും അനുബന്ധ വകുപ്പുകളുടെയും സഹകരണത്തോടെയാണ് നീലപ്പടയെന്ന വനിതാ കൂട്ടായ്മ രൂപവത്കരിച്ചത്.
ഒരു വീടിന് ഒരു പ്രവര്‍ത്തക, രണ്ടുപേര്‍ ചേര്‍ന്ന് ഒരു ടീം എന്ന കണക്കില്‍ ഒരു വാര്‍ഡില്‍ 10 പേര്‍ ഉള്‍പ്പെട്ട അഞ്ചു ടീമുകളാണുള്ളത്. ഇതില്‍ ഒരു ടീം പ്രതിമാസം പരമാവധി 100 വീടുകളെങ്കിലും സന്ദര്‍ശിക്കും. അംഗങ്ങളില്‍ ആര്‍ക്കെങ്കിലും കര്‍ത്തവ്യം നിറവേറ്റാന്‍ അസൗകര്യമുണ്ടെങ്കില്‍ മറ്റ് അംഗങ്ങള്‍ അതു പരിഹരിക്കണം. മാസത്തിലെ മൂന്ന് ശനിയാഴ്ച പ്രവര്‍ത്തനത്തിനും ശേഷിച്ചത് യോഗം സംഘടിപ്പിക്കാനുമാണ് നിശ്ചയിച്ചിട്ടുള്ളത്. രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് ഇവരുടെ സേവനം ലഭിക്കുന്നത്. കൊതുകുനിവാരണത്തിനായി സംഘാംഗങ്ങളില്‍ ചിലര്‍ക്കു പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ഇവരാണ് ഫോഗിങ്, ക്ലോറിനേഷന്‍ തുടങ്ങിയവ നടത്തുക. മറ്റു ചിലര്‍ സാനിട്ടേഷന്‍ സമിതി അംഗങ്ങളായി പാലിയേറ്റീവ് വളണ്ടിയര്‍മാരായി സേവനമനുഷ്ഠിക്കുന്നു. ഒരു മാസം രണ്ടു ദിവസം നടക്കുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു പഞ്ചായത്തില്‍നിന്ന് ഓരോ അംഗത്തിനും 500 രൂപ വീതം നല്‍കിവരുന്നു. കൂടാതെ എന്‍.ആര്‍.എച്ച്.എം. പഞ്ചായത്ത് തനത് ഫണ്ട്, ശുചിത്വമിഷന്‍ എന്നിവയില്‍നിന്നു പ്രതിവര്‍ഷം അനുവദിക്കുന്ന ഫണ്ടിന്റെ വിഹിതവും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിന്റെ വിഹിതവും ഓരോ അംഗങ്ങള്‍ക്കും ലഭിക്കുന്നുണ്ട്. മറ്റുള്ള ദിവസങ്ങളില്‍ ഇവര്‍ തൊഴിലുറപ്പുമേഖലയിലും പണിയെടുക്കുന്നുണ്ട്. വേതനത്തിനുപരി സേവനത്തിന് ഊന്നല്‍നല്‍കിയ ഈ നീലപ്പടയുടെ പ്രവര്‍ത്തനമികവില്‍ 2009- 10ല്‍ നിര്‍മല്‍ പുരസ്‌കാരവും ഗ്രീന്‍കേരള എക്‌സ്പ്രസില്‍ രണ്ടാംസ്ഥാനവും കുന്നത്തുകാലിനു കരസ്ഥമാക്കാന്‍ കഴിഞ്ഞു. ഓരോ വാര്‍ഡില്‍നിന്നും പത്തുപേരുള്‍പ്പെടെ പഞ്ചായത്തിലെ 21 വാര്‍ഡുകളില്‍നിന്നായി 210 വനിതകള്‍ ഇതില്‍ അംഗങ്ങളായിട്ടുണ്ട്. വാര്‍ഡ് മെമ്പര്‍മാര്‍ ചെയര്‍മാനും ആരോഗ്യവകുപ്പ് ജീവനക്കാര്‍ കണ്‍വീനര്‍മാരായും ചേര്‍ന്നാണ് ഈ വാര്‍ഡുതല ആരോഗ്യസേന പ്രവര്‍ത്തിക്കുന്നത്. നീലനിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ജോലികള്‍ചെയ്യുന്നത്. സ്ത്രീകളിലും കുട്ടികളിലും കുടുംബത്തിലും സമൂഹത്തിലും പുരോഗമനപരവും ആരോഗ്യകരവുമായ മാറ്റങ്ങള്‍ക്കു വേണ്ടി ശ്രമിക്കുക, ആരോഗ്യശുചിത്വമേഖലയില്‍ സ്ത്രീശാക്തീകരണം നടത്തുക, നേതൃത്വഗുണം വര്‍ധിപ്പിക്കുക, സാമൂഹിക തിന്മകള്‍ക്കെതിരേ പ്രതികരിക്കാന്‍ പ്രാപ്തരാക്കുക തുടങ്ങിയവയും നീലപ്പടയുടെ ഉദ്ദേശ്യലക്ഷ്യങ്ങളാണ്.
പഞ്ചായത്തോഫിസിലും പ്രാഥമികാരോഗ്യകേന്ദ്രത്തിലെയും മറ്റു പൊതുസ്ഥലങ്ങളിലെയും ശുചീകരണപ്രവര്‍ത്തനത്തിനും ഇവര്‍ നേതൃത്വം നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."