മഞ്ജു വാര്യര്‍ക്കെതിരായ ഭീഷണി: ശ്രീകുമാര്‍ മേനോന്റെ മൊഴിയെടുക്കും
തിരുവനന്തപുരം: ഭീഷണി സംബന്ധിച്ച് നടി മഞ്ജുവാര്യരുടെ പരാതിയില്‍ പ്രത്യേകസംഘം സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മൊഴിയെടുക്കും. മഞ്ജുവാര്യര്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് പ്രത്യേകസംഘം അന്വേഷണം നടത്തുന്നത്. പൊലിസ് ആസ്ഥാനത്തെ ഡിവൈ.എസ്.പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ സി.ഐ പ്രകാശാണ് പരാതി അന്വേഷിക്കുന്നത്.
മഞ്ജു നല്‍കിയ പരാതി ഡി.ജി.പി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. മഞ്ജുവിന്റെ പരാതിയില്‍ പരാമര്‍ശിക്കുന്ന ശ്രീകുമാര്‍ മേനോന്റെ സുഹൃത്തിന്റെ മൊഴിയെടുക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
ശ്രീകുമാര്‍ മേനോന്‍ തന്നെയും കൂടെനില്‍ക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് മഞ്ജു വാര്യര്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നല്‍കിയത്.
ഒടിയന്‍ എന്ന സിനിമ റിലീസായതിനുശേഷം തനിക്കെതിരേ നടന്ന സൈബര്‍ ആക്രമണത്തിനുപിന്നില്‍ ശ്രീകുമാര്‍ മേനോനാണെന്നും ചിലര്‍ തനിക്കെതിരേ സംഘടിത നീക്കം നടത്തുന്നുവെന്നും മഞ്ജു പരാതിയില്‍ വിശദീകരിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിയ ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് പ്രത്യേകസംഘത്തോട് ഡി.ജി.പി നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം, തനിക്കെതിരേ മഞ്ജു നല്‍കിയ പരാതിയെക്കുറിച്ച് മാധ്യമവാര്‍ത്തകളില്‍ നിന്ന് മാത്രമാണ് അറിഞ്ഞതെന്നും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എനിക്കും മഞ്ജുവിനും അറിയുന്ന എല്ലാ സത്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ശ്രീകുമാര്‍ മേനോന്റെ കുറിപ്പിനെതിരേ ശക്തമായ വിമര്‍ശനവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും രംഗത്തെത്തി. മുന്‍കാല സുഹൃത്തിനെപ്പറ്റി സോഷ്യല്‍മീഡിയയില്‍ എഴുതിയ ശ്രീകുമാര്‍മേനോന്റെ അന്തസില്ലായ്മ ബോധ്യപ്പെട്ടതുകൊണ്ട് തന്നെയാകാം മഞ്ജു സൗഹൃദം ഉപേക്ഷിച്ചുപോയതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."