മതിയായ ചികിത്സ കിട്ടാതെ മരിച്ച സംഭവം: പെണ്‍കുട്ടിക്ക് ക്ഷയരോഗമായിരുന്നെന്ന് റിപ്പോര്‍ട്ട്
വടകര: മതിയായ ചികിത്സ കിട്ടാതെ മരിച്ച ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി നാദാപുരം റോഡിലെ വേദ യു. രമേശിന് ക്ഷയരോഗമായിരുന്നെന്ന് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ അവസാനമായി ചികിത്സിച്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ക്ഷയരോഗമായിരുന്നെന്ന് സ്ഥിരീകരിച്ചരിക്കുന്നത്. വേദ ദിവസങ്ങളോളം ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് രോഗം മൂര്‍ഛിച്ച് മരിക്കുകയായിരുന്നു. പെണ്‍കുട്ടി പനി ബാധിച്ച് കിടപ്പിലായിട്ടും പിതാവ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ തയാറാകാതെ പ്രകൃതി ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നു. പ്രകൃതി ചികിത്സയുടെ ആരാധകനായ ഇയാള്‍ പച്ചവെള്ളവും തേനും മരുന്നായി നല്‍കുകയാണ് ചെയ്തത്. എന്നാല്‍ പനി മൂര്‍ഛിച്ച് പെണ്‍കുട്ടി ബോധം നശിച്ച് വീണപ്പോഴാണ് പിതാവ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായത്. ആശുപത്രിയിലെ ചികിത്സക്കിടെ ശ്വാസകോശത്തിലേക്ക് കടത്തിവിട്ട ട്യൂബില്‍ കണ്ട കഫം പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനയിലാണ് ക്ഷയരോഗം സ്ഥിരീകരിച്ചത്. ടി.ബി ബാക്ടീരിയ കണ്ടെത്താനുള്ള ജീന്‍ എക്സ്പേര്‍ട്ട് പരിശോധനയാണ് നടത്തിയത്. രോഗം മൂര്‍ഛിക്കുന്നതിനു മുന്‍പ് തിരിച്ചറിഞ്ഞാല്‍ ആറുമാസത്തെ ചികിത്സ കൊണ്ട് പൂര്‍ണമായും മാറ്റാവുന്ന ക്ഷയരോഗം ജീവന് കവരുന്നതിനിടയാക്കിയത് പിതാവിന്റെ പ്രകൃതി ചികിത്സ ഭ്രമമായിരുന്നു. ക്ഷയരോഗത്തിന് കൃത്യമായ ചികിത്സ കിട്ടാതെ പെണ്‍കുട്ടി മരണപ്പെട്ടത് സംസ്ഥാനത്തെ ആരോഗ്യരംഗത്തിനു പോലും നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."