സി.എം അബ്ദുല്ല മൗലവി വധം: കേസില്‍ ഉന്നതതല ഇടപെടല്‍ ഉണ്ടോയെന്ന് പരിശോധിക്കപ്പെടണമെന്ന് എന്‍.പി ചേക്കുട്ടി
കാസര്‍കോട്: പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതക അന്വേഷണ കേസില്‍ ഉന്നതതല ഇടപെടല്‍ നടന്നതായുള്ള പൊതു ജനങ്ങളുടെ സംശയത്തിന് അടിസ്ഥാനമുണ്ടെന്നു മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി ചേക്കുട്ടി പറഞ്ഞു.
കാസര്‍കോട്ട് നടന്നു വരുന്ന അനിശ്ചിതകാല സമരത്തിന്റെ ഇന്നലത്തെ ചടങ്ങില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിസ്റ്റര്‍ അഭയ കേസിലും, വയനാട്ടിലെ നക്‌സല്‍ നേതാവ് വര്‍ഗീസ് കൊല്ലപ്പെട്ട കേസിലും വര്‍ഷങ്ങളോളം അന്വേഷണം ഇഴഞ്ഞു നീങ്ങിയതും ഉന്നതതല ഇടപെടല്‍ ഉണ്ടായത് കൊണ്ടാണ്. എന്നാല്‍ അഭയ കേസില്‍ വളരെ കാലം പ്രക്ഷോഭങ്ങളും നിയമയുദ്ധങ്ങളും നടന്ന ശേഷമാണ് പ്രതികളെ പിടികൂടിയത്. അധികാര കേന്ദ്രങ്ങളെ സ്വാധീനിക്കാന്‍ കഴിവുള്ള ശക്തികള്‍ അത് ചെയ്യുകയും അധികാരികള്‍ അന്വേഷണം നടത്തുന്ന സംഘത്തെ നിര്‍ജീവാവസ്ഥയിലാക്കുന്ന സംഭവങ്ങള്‍ രാജ്യത്തെ ഒട്ടനവധി കേസുകളുടെ ചരിത്രം രാജ്യത്തുണ്ട്. സി.എം അബ്ദുല്ല മൗലവി കേസിലും ഇത്തരം ഇടപെടല്‍ ഉണ്ടായത് കൊണ്ടാണ് സത്യാവസ്ഥ പുറത്തു വരാത്തതെന്നും അദ്ദേഹം പറഞ്ഞു.
ഘാതകരെ നിയമത്തിന് മുന്നില്‍ എത്തിക്കുന്നത് വരെ സമരം തുടരുമെന്ന് ചടങ്ങില്‍ സംസാരിച്ച സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്‌ലിയാര്‍, ചടങ്ങ് ഉദ്ഘാടനം ചെയ്ത നീലേശ്വരം ഖാസി ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍ എന്നിവര്‍ പറഞ്ഞു. കുമ്പള ഇമാം ശാഫി അക്കാദമി, ഉദുമ, ബദിയഡുക്ക മേഖല എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി ഭാരവാഹികള്‍ ഇന്നലെ സമര പന്തലിലെത്തി.
നിസാം ഹുദവി, സുബൈര്‍ ദാരിമി, അറഫാത്ത് ഹുദവി, ഹരിസ് വെടിക്കുന്ന്, എന്‍.പി അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, ജൗഹര്‍ ഉദുമ, ആദം ദാരിമി, ബഷീര്‍ ബദിയടുക്ക, അബ്ദുല്ല കുഞ്ഞി ചെമ്പിരിക്ക, ഷംസുദ്ധീന്‍ ചെമ്പരിക്ക, ശഫീഖ് ചെമ്പരിക്ക, മുനീര്‍ ചെമ്പരിക്ക തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."