ശമ്പളമില്ലാതെ നാലുവര്‍ഷം: ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്
കൊല്ലം: സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ അപര്യാപ്തത പരിഹരിക്കുന്നതിനായി 2014-15, 2015-16 വര്‍ഷങ്ങളിലായി അനുവദിക്കപ്പെട്ട എയിഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ 3500 ഓളം അധ്യാപകര്‍ ശമ്പളമില്ലാതെ നാലാം വര്‍ഷത്തിലേക്ക്. മൂന്നു വര്‍ഷത്തെ പ്രക്ഷോഭത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ഗസ്റ്റ് വേതനം പോലും സാങ്കേതിക കാരണങ്ങളാല്‍ ഭൂരിഭാഗം അധ്യാപകര്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ല.
ബിരുദാനന്തരബിരുദവും സെറ്റുമടക്കമുള്ള ഉന്നത യോഗ്യതയുള്ള ഈ അധ്യാപകര്‍ അവധി ദിനങ്ങളില്‍ കൂലിപ്പണിക്കടക്കം പോകേണ്ടിവരുന്ന ദയനീയ സാഹചര്യമാണ് നിലവിലുള്ളത്. 2014-15 വര്‍ഷത്തില്‍ ആരംഭിച്ച സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 600 ലേറെ തസ്തിക കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചെങ്കിലും ഇതോടൊപ്പം ആരംഭിച്ച എയിഡഡ് സ്‌കൂളുകളിലെ അധ്യാപകരോടുള്ള അവഗണന തുടരുകയാണ്. 2014-15 ല്‍ ആരംഭിച്ച സ്‌കൂളുകളിലെ അധ്യാപക തസ്തിക ഈ വര്‍ഷം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും 2015-16 വര്‍ഷത്തില്‍ ആരംഭിച്ച സ്‌കൂളുകളിലെ തസ്തികകള്‍ ഈ വര്‍ഷം അനുവദിക്കാനാവില്ല എന്ന നിലപാടിലാണ് സര്‍ക്കാര്‍.
2014 ബാച്ചിലെ ജൂനിയര്‍ അധ്യാപകര്‍ 2015ല്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ അതോടൊപ്പം ജോലിയില്‍ പ്രവേശിച്ച 2015 ബാച്ചിലെ അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കാത്തത് ഇരട്ടനീതിയാണെന്നും 2014-15 ലും 2015-16 ലും അനുവദിച്ച മുഴുവന്‍ സ്‌കൂളുകളിലെയും അധ്യാപക-അനധ്യാപക തസ്തികകളില്‍ ഉടന്‍ നിയമനാംഗീകാരം നല്‍കണമെന്നാണ് സംഘടനയുടെ ആവശ്യം. അതോടൊപ്പം കുടിശ്ശികയുള്ള ഗസ്റ്റ് വേതനം ഉടന്‍ നല്‍കണമെന്നും അല്ലാത്തപക്ഷം ക്ലാസ് ബഹിഷ്‌കരണം, നിരാഹാരസമരം തുടങ്ങിയ പ്രതിഷേധപരിപാടികളിലേക്ക് നീങ്ങന്‍ കെ.എന്‍.എച്ച്.എസ്.എസ്.റ്റി.എഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഭാരവാഹികളായി അന്‍വര്‍ കരുവ (ചെയര്‍മാന്‍), ആര്‍. ജയചന്ദ്രന്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."