ഗര്‍ഭഛിദ്ര കാലാവധി നീട്ടണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: മാതാവിന്റെയും കുഞ്ഞിന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന കേസുകളില്‍ ഗര്‍ഭഛിദ്ര കാലാവധി നീട്ടണമെന്ന് സുപ്രിംകോടതി. ഡി.വൈ ചന്ദ്രചൂഢും സഞ്ജയ് കിഷന്‍ കൗളും ഉള്‍പ്പെട്ട അവധിക്കാല ബെഞ്ചാണ് സുപ്രധാനമായ വിധി പ്രസ്താവിച്ചത്.
നിലവിലുള്ള 20 ആഴ്ച ഗര്‍ഭകാലാവധി 25 ആയി ഉയര്‍ത്തണമെന്നാണ് ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്. കൊല്‍ക്കത്ത സ്വദേശിനിയായ സ്ത്രീ ജന്മനാല്‍ വൈകല്യമുള്ള തന്റെ 24 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി രാജ്യത്തെ പരമോന്നത കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിക്കവെയാണ് കോടതി മേല്‍നിരീക്ഷണം നടത്തിയത്.
സ്ത്രീയുടെ ആരോഗ്യനിലയെക്കുറിച്ചും ഗര്‍ഭസ്ഥ ശിശുവിന്റെ അവസ്ഥയെക്കുറിച്ചും പശ്ചിമ ബംഗാള്‍ മെഡിക്കല്‍ ബോര്‍ഡിനോട് വിദഗ്ധ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. ഏഴു വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സമിതിയാണ് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. പ്രസവശേഷം സ്ത്രീക്ക് ആരോഗ്യപൂര്‍ണമായ ജീവിതം ഉറപ്പാക്കേണ്ടതുണ്ടെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.
29നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മെഡിക്കല്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചിരിക്കുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഹാനികരമാവുന്ന കേസുകളില്‍ ഗര്‍ഭഛിദ്ര കാലാവധി 20 മാസത്തില്‍നിന്ന് ഉയര്‍ത്തണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നതിനിടയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."