റെഡിമെയ്ഡ് ഷര്‍ട്ടുകളില്‍ 'കോപ്പി' തരംഗം വിപണിയില്‍ വ്യാജന്‍മാര്‍ വാഴുന്നു
കോഴിക്കോട്: തെറ്റിദ്ധരിക്കേണ്ട, കോപ്പി ഏതെങ്കിലും ബ്രാന്റഡ് ഷര്‍ട്ടിന്റെ പേരല്ല. സംഗതി സാക്ഷാല്‍ വ്യാജനാണ്. റെഡിമെയ്ഡ് ഷര്‍ട്ട് വിപണിയില്‍ ഇപ്പോള്‍ വ്യാജന്‍മാര്‍ ആണ് അരങ്ങുവാഴുന്നത്. മാര്‍ക്കറ്റിലെ നിരവധി ബ്രാന്റുകള്‍ക്ക് വ്യാജന്‍മാര്‍ ഒട്ടനവധി. ഒറിജിനലാണെന്ന വ്യാജേനയും വ്യാജനാണെന്ന് ഉപഭോക്താക്കളെ അറിയിച്ചും കച്ചവടം നടക്കുന്നുണ്ട്. പെരുന്നാള്‍ പോലുള്ള ആഘോഷ വേളകളില്‍ വില്‍പ്പന തകൃതിയാണ്. കോപ്പി, പ്രിന്റ്, സര്‍പ്ലസ് തുടങ്ങിയ ഓമനപ്പേരില്‍ ആണ് ഇവ മാര്‍ക്കറ്റിലുള്ളത്.
ഷര്‍ട്ടുകള്‍ തുണിയെടുത്ത് തയ്പ്പിക്കുന്നതിന് ഇപ്പോള്‍ കൂടുതല്‍ പേരും മെനക്കെടാറില്ല. ആയിരങ്ങള്‍ വരെ വിലയുള്ള നിരവധി ബ്രാന്റഡ് ഷര്‍ട്ടുകള്‍ മാര്‍ക്കറ്റിലുണ്ട്. മിക്കവയുടേയും ഷോറൂമുകളുമുണ്ട്. എന്നാല്‍, ഈ കമ്പനികളുടെയെല്ലാം വ്യാജന്‍മാര്‍ ഒറിജിനലിനെ വെല്ലും വിധം മാര്‍ക്കറ്റിലെത്തും. ആളും തരവും നോക്കിയാണ് വിലഈടാക്കുന്നത്.
സ്റ്റിക്കറിനു പുറമെ തയ്ക്കുന്ന രീതിയടക്കം ഒറിജിനലിനെ അനുകരിച്ച്. വ്യാജനാണെന്ന് സമ്മതിക്കുന്ന ചില കച്ചവടക്കാര്‍ കോപ്പിയാണെന്ന് പറഞ്ഞ് വില്‍പ്പന നടത്തും. കോപ്പികളില്‍ തന്നെ ഒന്നാം തരവും രണ്ടാം തരവുമൊക്കെയുണ്ട്. ബ്രാന്റഡ് ഷര്‍ട്ടുകളുടെ ഡിസൈന്‍ അനുകരിക്കുന്നതാണ് പ്രിന്റ്. അതേസമയം, വ്യാജന്‍മാരെ ചോദിച്ചു വരുന്നവരുമുണ്ട്. കുറഞ്ഞ ചെലവില്‍ ബ്രാന്റഡ് ഷര്‍ട്ട് ധരിക്കാമെന്നതാണ് ഇതിന് കാരണം.
കമ്പനികളില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടതും അതേ സമയം ചെറിയ തകരാറുകളുള്ളതുമായ ഷര്‍ട്ടുകള്‍ സര്‍പ്ലസ് എന്ന പേരില്‍ കുറഞ്ഞ വിലക്ക് വില്‍ക്കാറുണ്ട്. എന്നാല്‍, ഇതിനിടയിലും കോപ്പികള്‍ കലര്‍ത്തി വില്‍ക്കുന്നവരുണ്ട്. ഇത് തിരിച്ചറിയാതെ ഉപഭോക്താക്കള്‍ കെണിയില്‍ വീഴും. ബ്രാന്റഡ് ഷര്‍ട്ടുകളുടെ വ്യാജന്‍മാര്‍ പെരുകിയപ്പോള്‍ ഇയിടെ കൊച്ചിയിലും മറ്റും ചില വസ്ത്രക്കടകളില്‍ റെയ്ഡുകള്‍ നടന്നിരുന്നു.
ഷര്‍ട്ടുകളില്‍ മാത്രമല്ല ജീന്‍സുകളിലും വ്യാജന്‍മാര്‍ നിരവധിയാണ്. കുറച്ചുകാലം മുന്‍പ് വരെ ബ്രാന്റഡ് ഷൂകളിലും മറ്റും കണ്ടിരുന്ന കോപ്പി തരംഗമാണ് ഇപ്പോള്‍ ഷര്‍ട്ട് വിപണിയും കൈയടക്കിയിരിക്കുന്നത്. ചെന്നൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്ന് വ്യാജന്‍മാര്‍ യഥേഷ്ടം കേരളത്തിലെത്തുന്നതായാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."