ഹരിയാനയില്‍ അഞ്ച് കാബിനറ്റ് മന്ത്രിമാര്‍ തോറ്റു
ന്യൂഡല്‍ഹി: ഹരിയാനയില്‍ ബി.ജെ.പിയുടെ മോശം പ്രകടനത്തെത്തുടര്‍ന്ന് സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബറാല രാജിവച്ചു. തോഹന്ന മണ്ഡലത്തില്‍ നിന്നു മത്സരിച്ച ബറാല 20,000 വോട്ടുകള്‍ക്ക് പിന്നിലാണെന്ന് അറിഞ്ഞയുടനെയാണ് രാജിവച്ചത്.
ബി.ജെ.പി മന്ത്രിസഭയിലെ കാമ്പിനറ്റ് മന്ത്രിമാരില്‍ അഞ്ചു പേര് തോറ്റു. ബാദ്ലിയില് കൃഷിമന്ത്രി ഓം പ്രകാശ് ദാന്‍കര്‍, മഹേന്ദ്രഗഡില്‍ വിദ്യാഭ്യാസ മന്ത്രി രാംബിലാസ് ശര്‍മ, സോണിപത്തില്‍ തദ്ദേശസ്വയംഭരണ മന്ത്രി കവിതാ ജയ്ന്‍, നാരനുണ്ടില് ധനകാര്യമന്ത്രി ക്യാപ്റ്റന്‍ അഭിമന്യു, ഗതാഗത മന്ത്രി കൃഷ്ണന്‍ലാല്‍ പന്‍വാര്‍ എന്നിവരാണ് തോറ്റത്.
രണ്ടു മന്ത്രിമാര്‍ക്ക് ബി.ജെ.പി സീറ്റ് നല്‍കിയിരുന്നില്ല. വാണിജ്യമന്ത്രി മനീഷ് വിപുല്‍ ഗോയല്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി റാവു നര്‍ബീര്‍ സിങ് എന്നിവര്‍ക്കാണ് സീറ്റ് നിഷേധിച്ചിരുന്നത്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ കര്‍ണാലില്‍ നിന്നും ആരോഗ്യമന്ത്രി അനില്‍ വിജ് അംബാലയില്‍ നിന്നും വിജയിച്ചു. നാലു സഹമന്ത്രിമാര്‍ മത്സരിച്ചതില്‍ രണ്ടുപേര്‍ പിന്നിലാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപേന്ദ്ര സിങ് ഹൂഡ ഗര്‍ഹി സംബാലയില് നിന്ന് വിജയിച്ചു. കോണ്‍ഗ്രസിന്റെ കുല്‍ദീപ് ബിഷ്ണോയ് ആദംപൂരില്‍ വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."