ആസ്‌ത്രേലിയന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍; ശ്രീകാന്ത് മുന്നേറുന്നു
സിഡ്‌നി: ഇന്തോനേഷ്യ സൂപ്പര്‍ സീരീസ് കിരീടം നേടി പിന്നാലെ ആസ്‌ത്രേലിയന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ പോരിനെത്തിയ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് മികച്ച ഫോം തുടരുന്നു. ഇന്ത്യന്‍ പോരാട്ടം കണ്ട ക്വാര്‍ട്ടറില്‍ ബി സായ് പ്രണീതിനെ വീഴ്ത്തി ശ്രീകാന്ത് സെമിയിലേക്ക് മുന്നേറി. അതേസമയം നിലവിലെ വനിതാ ചാംപ്യനും ഇന്ത്യന്‍ പ്രതീക്ഷയുമായിരുന്ന സൈന നേഹ്‌വാളും ഒളിംപിക്ക് വെള്ളി മെഡല്‍ ജേത്രി പി.വി സിന്ധുവും ക്വാര്‍ട്ടറില്‍ പരാജയമേറ്റ് വാങ്ങി പുറത്തായി.
രണ്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും തന്നെ കീഴടക്കിയ സായ് പ്രണീതിനെതിരേ മികച്ച പോരാട്ടമാണ് ക്വാര്‍ട്ടറില്‍ ശ്രീകാന്ത് പുറത്തെടുത്തത്. രണ്ട് സെറ്റ് മാത്രം നീണ്ട മത്സരത്തില്‍ 25-23, 21-17 എന്ന സ്‌കോറിനാണ് ശ്രീകാന്ത് വിജയിച്ചത്. ആദ്യ സെറ്റില്‍ സായ് ഇഞ്ചോടിഞ്ച് പൊരുതിയപ്പോള്‍ മത്സരം ആവേശകരമായി. കീഴടങ്ങാന്‍ മനസില്ലാതെ ഇരുവരും പൊരുതി കയറിയപ്പോള്‍ മത്സരം 25-23 എന്ന സ്‌കോറിനാണ് അവസാനിച്ചത്. ആദ്യ സെറ്റിലെ വിജയം സമ്മാനിച്ച മാനസിക ആധിപത്യം രണ്ടാം സെറ്റില്‍ ശ്രീകാന്തിനെ തുണച്ചു. ഈ സെറ്റില്‍ കാര്യമായ ചെറുത്ത് നില്‍പ്പില്ലാതെ സായ് കീഴടങ്ങുകയായിരുന്നു. നേരത്തെ ഏപ്രിലില്‍ നടന്ന സിംഗപ്പൂര്‍ ഓപണില്‍ ശ്രീകാന്തിനെ കീഴടക്കി കിരീടം സ്വന്തമാക്കാന്‍ സായിക്ക് സാധിച്ചിരുന്നു. ആ തോല്‍വിക്ക് പകരം ചോദിക്കാന്‍ ശ്രീകാന്തിന് അവസരം ലഭിച്ചു. തുടര്‍ച്ചയായ മൂന്നാം സൂപ്പര്‍ സീരീസ് സെമി പ്രവേശമാണ് ശ്രീകാന്ത് ആഘോഷിച്ചത്.
അതേസമയം നിലവിലെ കിരീട ജേത്രി സൈന നേഹ്‌വാള്‍ ആറാം സീഡ് ചൈനയുടെ സുന്‍ യുവിനോട് പരാജയപ്പെടുകയായിരുന്നു. സ്‌കോര്‍: 17-21, 21-10, 17-21. രണ്ടാം സെറ്റ് സ്വന്തമാക്കി മത്സരത്തിലേക്ക് തിരിച്ചെത്താന്‍ സൈനയ്ക്ക് സാധിച്ചെങ്കിലും മൂന്നാം സെറ്റില്‍ വിജയം സ്വന്തമാക്കി ചൈനീസ് താരം സെമിയിലേക്ക് കുതിച്ചു.
ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയിയുടെ തായ് സു യിങാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. സിന്ധുവും പൊരുതി കീഴടങ്ങുകയായിരുന്നു. സ്‌കോര്‍: 21-10, 20-21, 16-21. ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."