സമുദ്ര ജലകൃഷി നയം മത്സ്യോല്‍പാദനത്തില്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷ
മലപ്പുറം: ദേശീയ സമുദ്ര ജലകൃഷി നയം പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ ആശങ്ക സൃഷ്ടിക്കുമ്പോള്‍, നയം പ്രാവര്‍ത്തികമാവുകയാണെങ്കില്‍ രാജ്യത്ത് മത്സ്യോല്‍പാദനത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍. നയരൂപീകരണത്തിന്റെ ഭാഗമായി നടന്ന പഠനങ്ങളിലെ കണ്ടെത്തലുകളാണ് കേന്ദ്ര ഫിഷറീസ് വകുപ്പ് അധികൃതര്‍ക്ക് ഈ പ്രതീക്ഷ നല്‍കുന്നത്.
ഇപ്പോള്‍ രാജ്യത്ത് മത്സ്യത്തിനുള്ള ആവശ്യത്തില്‍ വളരെ ചെറിയൊരു പങ്ക് മാത്രമാണ് സമുദ്ര മത്സ്യകൃഷിയില്‍ നിന്ന് ലഭിക്കുന്നത്. ഈ രീതിയിലൂടെ രാജ്യത്ത് പ്രതിവര്‍ഷം 0.05 ദശലക്ഷം ടണ്‍ മത്സ്യം മാത്രമാണ് ലഭിക്കുന്നത്.
നയം പ്രാവര്‍ത്തികമായാല്‍ അത് 16 ദശലക്ഷം ടണ്‍ വരെ ഉയര്‍ത്താനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉല്‍പാദനം ഇത്രയധികം വര്‍ധിപ്പിക്കാന്‍ കൃഷിക്കനുയോജ്യമായ സമുദ്രപ്രദേശം രാജ്യത്തിന്റെ നിയന്ത്രണത്തിലുണ്ട്.
രാജ്യത്തിന്റെ ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു പുറമെ മത്സ്യ കയറ്റുമതിയില്‍ ഗണ്യമായ വര്‍ധനവുമുണ്ടാകും. ശുദ്ധജല മത്സ്യകൃഷി വഴിയുള്ള മത്സ്യോല്‍പാദനത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയിട്ടുണ്ടെങ്കിലും സമുദ്ര ജലകൃഷിയുടെ കാര്യത്തില്‍ കാര്യമായ മുന്നേറ്റമുണ്ടായിട്ടില്ല.
ആവശ്യമായ സമുദ്രപ്രദേശം കൈവശമുള്ള സാഹചര്യത്തിലാണ് ഈ അവസ്ഥ. അതു പരിഹരിക്കാന്‍ കേന്ദ്രം പുറത്തുവിട്ട കരടു സമുദ്ര മത്സ്യകൃഷി നയം വഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍.
സമുദ്രത്തില്‍ അനുയോജ്യമായ പ്രദേശങ്ങള്‍ വളച്ചുകെട്ടി സ്വകാര്യ സംരംഭകര്‍ക്കു പാട്ടത്തിനു നല്‍കാന്‍ കരടു നയം നിര്‍ദേശിക്കുന്നുണ്ട്. ആഗോളതലത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികളെ ആകര്‍ഷിക്കാനാണ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ഈ മേഖലയില്‍ ഏതാനും ചെറുകിട സംരംഭകര്‍ മാത്രമാണുള്ളത്. വന്‍കിട നിക്ഷേപമുണ്ടായാല്‍ ഉല്‍പാദനത്തില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, നയം സംബന്ധിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ കടുത്ത ആശങ്ക നിലനില്‍ക്കുന്നുമുണ്ട്.
പാട്ടത്തിനു നല്‍കുന്ന സമുദ്രഭാഗത്തേക്ക് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും മറ്റു യന്ത്രവല്‍കൃത വള്ളങ്ങള്‍ക്കും പ്രവേശനം നിഷേധിക്കണമെന്ന നയത്തിലെ നിര്‍ദേശമാണ് ഈ ആശങ്കയ്ക്കു കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."