ഷാനിമോള്‍ ഉസ്മാന്റെ വിജയത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസിലെ വനിതകള്‍
സ്വന്തം ലേഖിക
കൊച്ചി: അരൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ നേടിയ തിളക്കവിജയത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസിലെ വനിതകള്‍. വരും തെരഞ്ഞെടുപ്പുകളില്‍, പേരിനു തോല്‍ക്കുന്ന സീറ്റുകള്‍ നല്‍കുമ്പോള്‍ വിജയസാധ്യതയുള്ള ഉറച്ച സീറ്റുകള്‍ ആവശ്യപ്പെടാന്‍ ഷാനിമോളുടെ വിജയം തുണയാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.
2001ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാധാ രാഘവന്‍, ശോഭനാ ജോര്‍ജ് തുടങ്ങി വിരലിലെണ്ണാവുന്ന വനിതാ എം.എല്‍.എമാര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചുകയറിയെങ്കിലും പിന്നീടു നടന്ന തെരഞ്ഞെടുപ്പുകളില്‍ 2011ല്‍ മാനന്തവാടിയില്‍നിന്ന് കോണ്‍ഗ്രസിന്റെ പി.കെ ജയലക്ഷ്മിക്ക് മാത്രമാണ് നിയമസഭ കാണാനായത്.
2016ല്‍ ലതികാ സുഭാഷ് (മലമ്പുഴ), ശാന്താ ജയറാം (ഷൊര്‍ണ്ണൂര്‍), ബിന്ദു കൃഷ്ണ (ചാത്തന്നൂര്‍), ഷാഹിദാ കമാല്‍ (ചടയമംഗലം), തങ്കമണി ദിവാകരന്‍ (ആറ്റിങ്ങല്‍) തുടങ്ങിവര്‍ക്ക് സീറ്റ് നല്‍കിയെങ്കിലും ഒരാള്‍ക്കു പോലും വിജയിക്കാനായില്ല. 25,000ത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി വിജയക്കൊടി പാറിച്ച സീറ്റുകളിലാണ് തങ്ങളെ നിര്‍ത്തിയതെന്ന ആരോപണം വനിതാ നേതാക്കള്‍ നേരത്തെ ഉന്നയിച്ചിരുന്നു. വനിതകള്‍ക്ക് തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുമെങ്കിലും വീതംവച്ചുകഴിയുമ്പോള്‍ അപ്രധാനമായ തോല്‍ക്കുന്ന സീറ്റുകള്‍ മാത്രമാണു ലഭിക്കാറുള്ളത്. ചിട്ടയായ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം നടക്കാത്തതും പരാജയകാരണമായി വനിതാ നേതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ അരൂരില്‍ നടന്ന ചിട്ടയായ ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് ഷാനിമോള്‍ക്ക് എല്‍.ഡി.എഫ് കോട്ട തകര്‍ക്കാന്‍ ബലമേകിയതെന്നാണ് കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ പറയുന്നത്. പൊതുരാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന സ്ത്രീകളെ അപമാനിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയ യജമാന്മാര്‍ക്കുള്ള മറുപടികൂടിയാണ് ജനം നല്‍കിയതെന്നും അവര്‍ പറയുന്നു.
കോണ്‍ഗ്രസിലെ വനിതകള്‍ക്ക് ഊര്‍ജം പകരുന്നതാണ് ഷാനിമോള്‍ ഉസ്മാന്റെ വിജയമെന്ന് മഹിളാകോണ്‍ഗ്രസ് മുന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ബിന്ദു കൃഷ്ണ പ്രതികരിച്ചു. രാജ്യത്ത് ഏതൊരു പാര്‍ട്ടിയേക്കാളും സ്ത്രീകള്‍ക്ക് അംഗീകാരം കൊടുത്തിട്ടുള്ളത് കോണ്‍ഗ്രസ് ആണ്. ജാതി മത വ്യത്യാസമില്ലാതെ മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് വനിതകള്‍ക്കു വിവിധ രംഗങ്ങളില്‍ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പ്രസിഡന്റ് പദവിയിലടക്കം വനിതകള്‍ വന്നിട്ടുമുണ്ട്.
മുഖ്യമന്ത്രി, ഗവര്‍ണര്‍ തുടങ്ങിയ പദവികളും വനിതകള്‍ അലങ്കരിച്ചിട്ടുണ്ട്. ആദ്യ കേരള നിയമസഭയിലും രണ്ടാം നിയമസഭയിലുമെല്ലാം കോണ്‍ഗ്രസിന്റെ വനിതകളുണ്ടായിരുന്നു. എന്നാല്‍ സമീപകാലത്ത് അതു കുറഞ്ഞുവന്നു. എത്ര സ്ത്രീശാക്തീകരണം പറഞ്ഞാലും അതു നടപ്പായിട്ടില്ലെന്നാണ് ഇത് കാണിക്കുന്നത്. സ്ത്രീകള്‍ വിജയിക്കണമെങ്കില്‍ ബോധപൂര്‍വം പാര്‍ട്ടി മെഷിനറികള്‍ കരുതലോടെ പ്രവര്‍ത്തിക്കണം. അരൂരില്‍ കണ്ടതും അതു തന്നെയാണ്.
ചിട്ടയായ പ്രവര്‍ത്തനമാണ് ഷാനിമോളുടെ വിജയത്തിനു കാരണമായത്. തുടര്‍ന്നു വരുന്ന തെരഞ്ഞെടുപ്പുകളിലും വനിതകള്‍ക്കു പ്രാധാന്യം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ബിന്ദു കൃഷ്ണ 'സുപ്രഭാത'ത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."