വിജയം കോണിയേറി മഞ്ചേശ്വരം ഖമറുദ്ദീന്
സ്വന്തം ലേഖകന്‍
കാസര്‍കോട്: ശക്തമായ ത്രികോണ പോരിലും മഞ്ചേശ്വരത്ത് മുസ്‌ലിംലീഗിലെ എം.സി ഖമറുദ്ദീന് ഉജ്ജ്വല വിജയം. കഴിഞ്ഞ തവണ ലീഗിലെ പി.ബി അബ്ദുല്‍ റസാഖ് 89 വോട്ടിന് ബി.ജെ.പിയിലെ കെ. സുരേന്ദ്രനെ പരാജയപ്പെടുത്തിയ മഞ്ചേശ്വരത്ത് ഇത്തവണ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി ബി.ജെ.പിയിലെ രവീശ തന്ത്രി കുണ്ടാറിനെ 7923 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍ സീറ്റ് ഉറപ്പിച്ചത്.
സി.പി.എമ്മിന്റെ എം. ശങ്കര്‍ റൈയും ശക്തമായ മത്സരം കാഴ്ചവച്ചുവെങ്കിലും മൂന്നാം സ്ഥാനത്തുനിന്ന് നില ഉയര്‍ത്താന്‍ ഇക്കുറിയും കഴിഞ്ഞില്ല. ആകെ പോള്‍ ചെയ്ത 1,61,622 വോട്ടില്‍ 65,407 വോട്ട് യു.ഡി.എഫ് നേടി (40.19 ശതമാനം).
എന്‍.ഡി.എയ്ക്ക് 57,484 (35.32 ശതമാനം) വോട്ടും എല്‍.ഡി.എഫിന് 38,233 (23.49) വോട്ടുമാണ് നേടാനായത്.
ശബരിമലയും ഭാഷാന്യൂനപക്ഷ പ്രശ്‌നങ്ങളും ബി.ജെ.പിയും സി.പി.എമ്മും തെരഞ്ഞെടുപ്പ് പ്രചാരണമാക്കിയെങ്കിലും മതേതര, രാഷ്ട്രീയ വോട്ടുകള്‍ ലക്ഷ്യമിട്ടായിരുന്നു യു.ഡി.എഫ് പ്രചാരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ യു.ഡി.എഫിന് 8,537 വോട്ട് വര്‍ധിച്ചപ്പോള്‍ എന്‍.ഡി.എയ്ക്ക് 703 വോട്ടിന്റെ നാമമാത്ര വര്‍ധനയാണ് ഉണ്ടായത്. എല്‍.ഡി.എഫിനാകട്ടെ 4,329 വോട്ടിന്റെ കുറവുണ്ടായി.
അതേസമയം 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേടിയ ലീഡിനേക്കാള്‍ 2,830 വോട്ടിന്റെ കുറവാണ് എം.സി ഖമറുദ്ദീന് ഇത്തവണ ലഭിച്ചത്. എന്‍.ഡി.എയ്ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 380 വോട്ടും എല്‍.ഡി.എഫിന് 5,437 വോട്ടും അധികം ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."