മദീന ബസ് ദുരന്തം: ഡി.എന്‍.എ ടെസ്റ്റിലൂടെ മരിച്ചവരെ തിരിച്ചറിയാനുള്ള നടപടി തുടങ്ങി
ജിദ്ദ: മദീന ബസ് ദുരന്തത്തില്‍ മരിച്ചവരെ ഡി.എന്‍.എ ടെസ്റ്റിലൂടെ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചതായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സുല്‍ മോയിന്‍ അക്തര്‍ അറിയിച്ചു. അപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി ഉള്‍പ്പെട്ടതായി കഴിഞ്ഞ ദിവസം കോണ്‍സുലേറ്റ് സ്ഥിരീകരിച്ചിരുന്നു. നേരത്തേ ഏഴുപേര്‍ ഇന്ത്യക്കാരാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നത്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള നൗഷാദ് അഹമ്മദ്, ജമ്മു കാശ്മീരില്‍ നിന്നുള്ള ഗുല്‍ഫറാസ് അഹമ്മദ് എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ അപകടത്തില്‍ മരിച്ചുവെന്ന് കരുതുന്ന ഇന്ത്യക്കാരുടെ എണ്ണം ഒമ്പതി ആയി. അതേ സമയം മരിച്ച ഇന്ത്യാക്കാരില്‍ ഏഴുപേരും ലുലു ഹൈപര്‍മാര്‍ക്കറ്റിന്റ റിയാദ് മുറബ്ബ ശാഖയിലെ ജീവനക്കാര്‍ ആണ്.
കഴിഞ്ഞ 17ന് റിയാദില്‍ നിന്ന് ഒരു സ്വകാര്യ ഉംറ ഗ്രൂപ്പിന് കീഴില്‍ പുറപ്പെട്ട ഇവര്‍ മദീനയിലെത്തി അവിടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലേക്ക് തിരിച്ചതായിരുന്നു. വൈകീട്ട് 7.30 ഓടെ മദീനയില്‍ നിന്ന് 170 കിലോമീറ്ററകലെ ഹിജ്‌റ റോഡിലാണ് ദാരുണമായ അപകടമുണ്ടായത്. മണ്ണുമാന്തി യന്ത്രവുമായി കൂട്ടിയിടച്ച ബസില്‍ തീയാളിപ്പടര്‍ന്ന് തല്‍സമയം 35 യാത്രക്കാര്‍ വെന്തു മരിക്കുകയായിരുന്നു.
ഒരാള്‍ ആശുപത്രിയിലാണ് മരിച്ചത്. മൃതദേഹങ്ങള്‍ തിരിച്ചറിയപ്പെടാത്തത് കൊണ്ടാണ് മരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടാവാന്‍ വൈകുന്നത്. ഒമ്പത് പൗരന്മാരെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സഊദി അധികൃതരെ അറിയിച്ചിരുന്നു. ആ പട്ടിക പുറത്തുവിട്ട പശ്ചാത്തലത്തില്‍ ഏഴുപേര്‍ ലുലു ജീവനക്കാരാണെന്ന് തിരിച്ചറിഞ്ഞതായി ലുലു സഊദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് അറിയിച്ചു.
ബിഹാര്‍ മുസാഫര്‍പൂരിലെ ബാരുരാജ് മഹ്മദ സ്വദേശി അഷ്‌റഫ് ആലം, പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് സ്വദേശി മുഹമ്മദ് മുഖ്താര്‍ അലി ഗാസി, ഉത്തര്‍പ്രദേശുകാരായ ത്സാന്‍സി ദാദിയ പുര സ്വദേശി ഫിറോസ് അലി, ബാര്‍ലി ചാന്ദ് സ്വദേശി അഫ്താബ് അലി, നൗഷാദ് അലി, സീഷാന്‍ ഖാന്‍, അസംഖഢ് സ്വദേശി ബിലാല്‍ എന്നിവരാണ് ദുരന്തത്തില്‍പ്പെട്ട ലുലു ജീവനക്കാര്‍. കാണാതായ മറ്റ് രണ്ട് ഇന്ത്യാക്കാര്‍, ജമ്മുകാശ്മീര്‍ സ്വദേശി ഗുല്‍ഫറാസ് അഹമ്മദ്, ഉത്തര്‍പ്രദേശ് സ്വദേശി നൗഷാദ് അഹമ്മദ് എന്നിവരാണ്. അപകടത്തില്‍ മൂന്നു പേരാണ് രക്ഷപ്പെട്ടത്. ഇതില്‍ മഹാരാഷ്ട്ര സ്വദേശികളായ മാതിന്‍ ഗുലാം വാലി, ഭാര്യ സിബ നിസാം ബീഗം ദമ്പതികളും പെടും. ഇവര്‍ പൊള്ളലേറ്റ് മദീന കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."