അടിപ്പരണ്ട എ.ടി.എം കവര്‍ച്ചാ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍
പാലക്കാട്: അടിപ്പരണ്ടയിലെ എ.ടി.എം തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ചതിലുള്‍പ്പെടെ നാല് കവര്‍ച്ചാ കേസുകളിലെ പ്രതിയെ നെന്മാറ പൊലിസ് പിടികൂടി. അയിലൂര്‍ തറക്കുളം വീട്ടില്‍ നൗഫല്‍ (20), കൂട്ടാളിയായ 16 കാരന്‍ എന്നിവരെയാണ് പിടികൂടിയത്. അന്നേ ദിവസം നടന്ന അയിലൂര്‍ തിരുവഴിയാട്മന്ദം ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് നടത്തിയ മോഷണത്തിലും, അയിലൂരിലെ കട കുത്തിതുറന്ന് നടത്തിയ മോഷണത്തിലും, കഴിഞ്ഞയാഴ്ച ചിറ്റില്ലഞ്ചേരി പെട്രോള്‍ പമ്പ് ഓഫിസ് തകര്‍ത്ത് കംപ്യൂട്ടര്‍ മോഷ്ടിച്ച കേസിലും ഇവര്‍ പ്രതികളാണെന്ന് നെന്മാറ പൊലിസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അടിപ്പരണ്ട കനറാ ബാങ്കിന്റെ ശാഖയുടെ എ.ടി.എം തകര്‍ത്ത് കവര്‍ച്ചാ ശ്രമം നടത്തിയത്. കല്ലും, ഇരുമ്പ് കത്തിയും ഉപയോഗിച്ചാണ് എ.ടി.എം തകര്‍ത്തത്. മോഷണത്തിന് ഉപയോഗിച്ച് ഉപകരണങ്ങളും പൊലിസ് കണ്ടെത്തി.
എ.ടി.എം മോഷണം നടത്തുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. എ.ടി.എമ്മിനുള്ള തുടക്കാനുപയോക്കുന്ന ബ്രഷ് കഴിഞ്ഞ ദിവസം അയിലൂരിലെ ഒരു പെട്ടിക്കടയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലിസിന്റെ നേതൃത്വത്തില്‍ സി.സി ടി.വി ദൃശ്യത്തിന് സാമ്യമുള്ളയാളെ തിരിച്ചറിഞ്ഞത്. മയക്കുമരുന്നുപയോഗിക്കുന്ന ഇവര്‍ പകല്‍ സമയത്ത് ബൈക്കില്‍ കറങ്ങി നടന്ന് മോഷണ സ്ഥലങ്ങള്‍ കണ്ടെത്തി രാത്രി മോഷ്ടിക്കുന്നതാണ് രീതി.
പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി പി. ശശികുമാര്‍, നെന്മാറ സി.ഐ ടി.എന്‍ ഉണ്ണികൃഷ്ണന്‍, എസ്.ഐ എന്‍.എസ് രാജീവ്, എ.എസ്.ഐ ബാലകൃഷ്ണന്‍, ആലത്തൂര്‍ ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘാഗങ്ങളായ കൃഷ്ണദാസ്, റഹീം മുത്തു, സൂരജ് ബാബു, സന്ദീപ്, ദിലീപ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."