അടിയന്തിര ചികിത്സ തേടി പെരിങ്ങോം താലൂക്കാശുപത്രി
ചെറുപുഴ: നാടെങ്ങും പനിക്കിടക്കയിലാകുമ്പോഴും പെരിങ്ങോം താലൂക്കാശുപത്രിയിലെത്തുന്ന രോഗികളെ ഡോക്ടര്‍മാരുടെ സമയക്രമം ബുദ്ധിമുട്ടിലാക്കുന്നു. പെരിങ്ങോം വയക്കര, എരമം കുറ്റൂര്‍, ചെറുപുഴ, കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്തുകളില്‍ നിന്നുള്ള സാധാരണക്കാരുടെ ആശ്രയമാണ് പെരിങ്ങോം താലൂക്കാശുപത്രി. മഴക്കാലമായതോടെ നാന്നൂറോളം രോഗികളാണ് ഇവിടെ ഒ.പിയില്‍ ചികിത്സയ്‌ക്കെത്തുന്നത്.
രാവിലെ 9.30ന് രോഗികളെ പരിശോധിച്ചു തുടങ്ങുന്ന ഡോക്ടര്‍മാര്‍ കൃത്യം ഒരു മണിക്ക് ഡ്യൂട്ടി അവസാനിപ്പിക്കും. ഇതിനായി 12.30 വരെ മാത്രമേ ടോക്കണ്‍ നല്‍കാറുള്ളൂ. ഉച്ചകഴിഞ്ഞും ഒ.പി പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാരണം പറഞ്ഞാണ് രാവിലെ ഡ്യൂട്ടിക്കെത്തുന്നവര്‍ സ്ഥലം വിടുന്നത്.
എന്നാല്‍ ഉച്ചകഴിഞ്ഞുള്ള ഒ.പി മിക്കദിവസങ്ങളിലും 2.30ന് തുടങ്ങി മൂന്നിന് അവസാനിപ്പിക്കും. അരമണിക്കൂര്‍ മാത്രം പരിശോധനയാണ് ഇവിടത്തെ ഉച്ചകഴിഞ്ഞുള്ള ഒ.പി സമയം. ഉച്ചയോടെ ചികിത്സയ്‌ക്കെത്തുന്നവര്‍ മണിക്കൂറുകളോളം ഡോക്ടറെ കാത്തുനില്‍ക്കേണ്ട ഗതികേടിലാണ്.
ഫാര്‍മസിയില്‍ ഒരു ഫാര്‍മസിസ്റ്റ് മാത്രമുള്ളതിനാല്‍ മരുന്ന് വാങ്ങാനും മണിക്കൂറുകള്‍ ക്യൂ നില്‍ക്കണം. ആശുപത്രി സൂപ്രണ്ടുള്‍പ്പെടെ ആറു ഡോക്ടര്‍മാര്‍ വേണ്ട ഇവിടെ രാവിലത്തെ ഒ.പിയില്‍ രണ്ടാളും ഉച്ചകഴിഞ്ഞ് ഒരാളുമാണ് ഡ്യൂട്ടിക്കെത്തുന്നത്. രോഗികളില്ലെന്ന കാരണം പറഞ്ഞ് ഉച്ചകഴിഞ്ഞുള്ള ഒ.പി നിര്‍ത്തലാക്കാന്‍ പലതവണ ശ്രമമുണ്ടായെങ്കിലും ജനപ്രതിനിധികള്‍ ഇടപെട്ടാണ് തടയിട്ടത്.
പെരിങ്ങോം വയക്കര പഞ്ചായത്തില്‍ മാത്രം 15 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കിലുണ്ട്. ഒരാള്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."