സ്വകാര്യ വ്യക്തി പൊതുകുളം കൈയേറി നികത്തുന്നതായി പരാതി
എരുമപ്പെട്ടി: എരുമപ്പെട്ടി ഉമിക്കുന്ന് കോളനിയില്‍ സ്വകാര്യ വ്യക്തി പൊതുകുളം കൈയേറി നികത്തുന്നതായി പരാതി. ബ്ലോക്ക് പഞ്ചായത്ത് അംഗവും മുന്‍പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സഫീന അസീസിന്റെ പിതാവ് വട്ടപറമ്പില്‍ ഹനീഫക്ക് എതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
വാര്‍ത്തയെടുക്കാന്‍ ചെന്ന മാധ്യമ പ്രവര്‍ത്തകര്‍കരെ കേസില്‍ കുടുക്കുമെന്നും ഹനീഫയുടെ ഭീഷണി. എരുമപ്പെട്ടി ഉമിക്കുന്ന് കോളനിയില്‍ നാട്ടുകാര്‍ വര്‍ഷങ്ങളായി ഉപയോഗിച്ച് വന്നിരുന്ന പൊതുകുളമാണ് ഹനീഫ കൈയേറി നികത്തുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. കുളത്തിന് പരിസരത്തുള്ള സ്ഥലങ്ങള്‍ വാങ്ങികൂട്ടിയ ഇയാള്‍ വ്യാജപട്ടയങ്ങള്‍ സംഘടിപ്പിച്ച് കുളം മണ്ണും കല്ലുമിട്ട് നികത്തുന്നതായാണ് ആരോപണം.
ഹനീഫയുടെ മകള്‍ സഫീന അസീസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് ഇതിനു മുന്‍പ് 2014ല്‍ ഈ കുളം നികത്താനായ് ഇയാള്‍ ശ്രമം നടത്തിയിരുന്നു. ഇതിനെതിരേ നാട്ടുകാര്‍ രംഗത്ത് വരികയും വില്ലേജ് ഓഫിസര്‍ ഇടപ്പെട്ട് കുളത്തില്‍ നിന്നും കല്ലും മണ്ണും നീക്കചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സഫീന അസീസിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി 28 ദിവസം തൊഴിലെടുത്താണ് കുളം വൃത്തിയാക്കിയത്.
പട്ടയമുണ്ടെന്ന് അവകാശപ്പെട്ടാണ് ഹനീഫ വീണ്ടും കുളം നികത്താന്‍ ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ നീര്‍ത്തട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുളം നികത്തുന്നതിനെതിരേ നാട്ടുകാര്‍ നിരന്തരം പരാതിപെടുന്നുണ്ടെങ്കിലും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തും വില്ലേജും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കുളത്തില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് നിയമ വിരുദ്ധമായി കല്ല് പൊട്ടിക്കാന്‍ ഹനീഫ നടത്തിയ ശ്രമം മുന്‍പ് പൊലിസ് തടഞ്ഞിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ത്തയെടുക്കാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ കേസില്‍ കുടുക്കുമെന്നും ഹനീഫ ഭീഷണിപ്പെടുത്തി.
പാഴിയോട്ട്മുറി പാടശേഖരത്തിലും കുടക്കുഴി പാടശേഖരത്തിലും അനധികൃതമായി നെല്‍വയല്‍ നികത്തിയത്തിയതിനെതിരേയും നിലം നികത്തി കെട്ടിടങ്ങള്‍ നിര്‍മിച്ച് വില്‍പ്പന നടത്തിയതിനെതിരേയും ഹനീഫക്കെതിരേ നിരവധി പരാതികള്‍ മുന്‍പ് ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."