നീതിക്കു വേണ്ടി അവസാനം വരെ പോരാടും: ഡി.കെ
ബംഗളൂരു: നീതിക്കുവേണ്ടി അവസാനം വരെ പോരാടുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡി.കെ ശിവകുമാര്‍. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് അറസ്റ്റിലായ അദ്ദേഹം കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതനായത്. ഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവില്‍ തിരിച്ചെത്തിയ അദ്ദേഹം കോണ്‍ഗ്രസ് ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അറസ്റ്റുകൊണ്ട് തന്നെ തളര്‍ത്താനാകില്ലെന്നും നീതിക്കുവേണ്ടി അവസാനം വരെ പോരാടുമെന്നും അറിയിച്ചത്.
കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിനാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാനായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തത്. രാജ്യത്തെ നിയമത്തെ മാനിക്കുന്ന വ്യക്തിയാണ് താന്‍. അറസ്റ്റിലായി ജയിലിലായപ്പോള്‍ പോലും പാര്‍ട്ടി തനിക്കൊപ്പം നിന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അറസ്റ്റിലൂടെ ബി.ജെ.പി തന്നെ ശക്തമാക്കിയിരിക്കുകയാണ്. പാര്‍ട്ടിയെ ലക്ഷ്യം വയ്ക്കുന്നതിനുവേണ്ടിയാണ് ബി.ജെ.പി നേതൃത്വം തന്നെ എന്‍ഫോഴ്സ്മെന്റിനെകൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചതെന്നും ശിവകുമാര്‍ ആരോപിച്ചു. രാജ്യത്തെ കോണ്‍ഗ്രസ് നേതാക്കളെ ബി.ജെ.പി ടാര്‍ഗറ്റ് ചെയ്തിരിക്കുകയാണെന്ന് ചടങ്ങില്‍ സംബന്ധിച്ച കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."