നവീകരിച്ച കാക്കാഴം പാലം നാടിന് സമര്‍പ്പിച്ചു
ആലപ്പുഴ: പതിറ്റാണ്ടുകളായി പൊട്ടിപ്പൊളിഞ്ഞു കിടന്ന കാക്കാഴം പാലം നവീകരിച്ച് നാടിന് സമര്‍പ്പിച്ചു. ഇന്നലെ വൈകിട്ട് 5 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി.ജി.സുധാകരന് ഉദ്ഘാടനം നിര്‍വഹിച്ചു. ഒരു കോടി നാല്‍പ്പതു ലക്ഷം രൂപ മുടക്കിയാണ് പുതുക്കി പണിതത്.
നടപ്പാതകള്‍ ടൈല്‍സു പാകിയും കൈവരികളുടെ അറ്റകുറ്റപണി നടത്തിയും മനോഹരമാക്കി. സംസ്ഥാനത്തെ നീളമേറിയ റെയില്‍വേ മേല്പ്പാതകളിലൊന്നാണിത്.ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ടാറും, കരിങ്കലും സിമന്റും ഒപ്പം റബറും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ചു പരിസ്ഥിതി സൗഹൃദരീതിയില്‍ മികിസിങ് പ്ലാന്റിന്റെ സഹായമില്ലാതെയാണ് 720 മീറ്റര്‍ ഭാഗത്തെ നിര്‍മാണം ആരംഭിച്ച് പൂര്‍ത്തീകരിച്ചിരിക്കുന്നത്.
കുണ്ടും കുഴിയും പൊടിശല്യവും കാരണം ഒരുകിലോമീറ്ററിനടുത്ത് നീളമുള്ള പാലത്തിലൂടെയുള്ള സഞ്ചാരം ദുഷ്ക്കരമായിരുന്നു. കൂടാതെ പാലത്തിലെ പൊടിശല്യവും റോഡ് പ്രവൃത്തി പൂര്‍ത്തിയായതോടെ പരിഹരിക്കപ്പെട്ടു.
രണ്ടു പതിറ്റാണ്ട് മുമ്പ് അന്നത്തെ റെയില്‍വേ വകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന് ഉദ്ഘാടനം ചെയ്തതിനു ശേഷം ഇന്നേവരെ ഒറ്റത്തവണ പോലും അറ്റകുറ്റപ്പണികള്‍ നടത്താതെ അവഗണിച്ച പാതക്ക് ശാപമോക്ഷം നല്കുവാന് കഴിഞ്ഞത് നേട്ടമാണെന്ന് പ്രവര്‍ത്തികള്‍ക്ക് ചുക്കാന്‍ പിടിച്ച പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."